'അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കും, വെല്ലുവിളികൾ നേരിടാനറിയാം' -ട്രാൻസ്ഫറിൽ അതൃപ്തിയറിയിച്ച് രൂപ ഐ.പി.എസ്
text_fieldsബംഗളൂരു: ആഭ്യന്തര സെക്രട്ടറി സ്ഥാനത്തുനിന്നും പെട്ടെന്ന് സ്ഥലം മാറ്റിയതിനെതിരെ സാമൂഹിക മാധ്യമത്തിലൂടെ രൂക്ഷ വിമർശനവുമായി മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി. രൂപ രംഗത്ത്. നിംബാൽക്കറിനൊപ്പം തന്നെയും ട്രാൻസ്ഫർ ചെയ്തതിനെതിരെ ട്വീറ്റ് ചെയ്ത ഡി. രൂപ ക്രമക്കേടുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഐ.എം.എ നിക്ഷേപ തട്ടിപ്പ് കേസിൽ സി.ബി.ഐയുടെ കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥനായ നിംബാൽക്കറിനെയും തന്നെയും ഒരുപോലെ പരിഗണിക്കുന്നുവെന്ന തോന്നൽ ട്രാൻസ്ഫറിലൂടെയുണ്ടാകുമെന്ന തരത്തിലായിരുന്നു രൂപയുടെ വിമർശനം.
ബംഗളൂരു അഡീഷണല്‍ കമ്മീഷണറായിരുന്ന ഹേമന്ത് നിംബാൽക്കറെ ബംഗളൂരു ആഭ്യന്തര സുരക്ഷാ വകുപ്പിലേക്കും ആഭ്യന്തര സെക്രട്ടറിയായിരുന്ന ഡി. രൂപയെ സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറായുമാണ് സ്ഥലം മാറ്റിയത്. ബംഗളൂരു സേഫ് സിറ്റി പദ്ധതിയുമായുള്ള വിവാദങ്ങൾക്ക് പിന്നാലെയാണ് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ ഡി. രൂപയെയും ഹേമന്ത് നിംബാൽക്കറിനെയും സ്ഥലം മാറ്റിയത്. വെള്ളിയാഴ്ച പുതിയ ചുമതലയേറ്റെടുത്തശേഷമാണ് രൂപയുടെ പ്രതികരണം. 'ഏതു തസ്തികയായാലും പ്രശ്നമില്ല. അഴിമതിക്കാർ ശിക്ഷക്കപ്പെടണം. പൊതുജനതാൽപര്യം സംരക്ഷിക്കപ്പെടണം. ജോലി ചെയ്ത വർഷങ്ങളുടെ ഇരട്ടി തവണ ട്രാൻസ്ഫർ ലഭിച്ചിട്ടുണ്ട്. ക്രമക്കേടുകൾ വിളിച്ചുപറയുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യുമ്പോൾ വെല്ലുവിളി നേരിടേണ്ടിവരുമെന്നറിയാം.
വിട്ടുവീഴ്ചയ്യില്ലാതെ ജോലി ചെയ്യുന്നത് തുടരും. തന്‍റെ മാറ്റം അഴിമതിനടത്തിയവർക്കെതിരെയുള്ള നടപടിക്ക് വഴിയൊരുക്കുകയാണെങ്കിൽ ഞാൻ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്' രൂപ ട്വീറ്ററിലൂടെ വ്യക്തമാക്കി. ഒരു വർഷം മുമ്പ് കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെട്ട് അച്ചടക്ക നടപടിക്ക് സി.ബി.ഐ നിർദേശിച്ച ഐ.പി.എസ് ഒാഫീസറായ നിംബാൽക്കറോടൊപ്പം തന്നെയും ചേർത്തുവെക്കുന്നുവെന്ന തോന്നൽ ഈ ട്രാൻസ്ഫറിലൂടെയുണ്ടാകുമെന്നും രൂപ ട്വീറ്റിലൂടെ തുറന്നടിച്ചു.
രൂപക്ക് പിന്തുണ അർപ്പിച്ചും സർക്കാർ തീരുമാനത്തെ വിമർശിച്ചും നിരവധിപേരാണ് ട്വിറ്ററിലൂടെ പ്രതികരിക്കുന്നത്. ബംഗളൂരു സേഫ് സിറ്റി പദ്ധതിക്കു വേണ്ടിയുള്ള കരാര്‍ നടപടിക്കെന്ന പേരില്‍ ഡി. രൂപ അനധികൃതമായി ഫോണ്‍ കോളുകള്‍ നടത്തുകയും ഇമെയില്‍ അയക്കുകയും ചെയ്‌തെന്ന് ഹേമന്ത് നിംബാൽക്കർ ചീഫ് സെക്രട്ടറി വിജയ് ഭാസകര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതോടെ ഹേമന്ത് നിംബാൽക്കറിനെതിരെ രൂപ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഹേമന്ത് നിംബാള്‍ക്കര്‍ തനിക്കെതിരേ വ്യാജപരാതി നല്‍കിയെന്നും 619 കോടിയുടെ സേഫ് സിറ്റി പദ്ധതിയില്‍ ഇഷ്ടമുള്ള സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കാന്‍ ഹേമന്ത് നിംബാൽക്കർ ശ്രമിച്ചെന്നും ആരോപിച്ച് ഡി. രൂപയും ചീഫ് സെക്രട്ടറി വിജയ ഭാസ്‌കര്‍ക്ക് പരാതി നൽകി. ഇരുവരുടെയും ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കമല്‍ പന്തിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിലാണ് രണ്ടു ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റികൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.