ദാഭോൽകറെയും കൽബുർഗിയെയും ഗൗരിയെയും ഇല്ലാതാക്കിയത് ഒരേ സംഘം
text_fieldsബംഗളൂരു: പുരോഗമന വാദികളായ നരേന്ദ്ര ദാഭോൽകർ, എം.എം. കൽബുർഗി, പത്രപ്രവർത്തക ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തിയത് തീവ്ര ഹിന്ദുത്വ വാദികൾ ഉൾപ്പെട്ട ഒേര സംഘമാണെന്നു സ്ഥിരീകരിച്ച് അന്വേഷണ സംഘം. അതേസമയം, നിലവിൽ മൂന്നു കൊലപാതക കേസുകളിലും പിടിയിലായ പ്രതികൾക്ക് കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പൻസാരെയുടെ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികൾ പിടിയിലായ ഘട്ടത്തിൽതന്നെ മറ്റു കൊലപാതക കേസുകളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന സൂചന ലഭിച്ചിരുന്നു. ഇതാണിപ്പോൾ അന്വേഷണ സംഘം സ്ഥിരീകരിച്ചത്.
ഒരേ ആശയമുള്ള ആളുകൾ ഉൾപ്പെട്ട സംഘമാണ് ദാഭോൽകറെയും ഗൗരിയെയും കൽബുർഗിയെയും കൊലപ്പെടുത്തിയതെന്നും ഇവരിൽ ഭൂരിഭാഗം പേർക്കും സനാതൻ സൻസ്തയുമായും അവരുടെ പോഷക സംഘടനയായ ഹിന്ദു ജനജാഗ്രുതി സമിതിയുമായും ബന്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഹിന്ദുമതത്തിനെതിരെ നിരന്തരം വിമർശനങ്ങൾ നടത്തിയതിനാണ് ഈ സംഘം മൂവരെയും കൊലപ്പെടുത്തിയത്.
മഹാരാഷ്ട്രയിലെ നല്ലസോപാരയിൽനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് പിടിയിലായവർക്കും മൂന്നു കൊലപാതകവുമായി പങ്കുണ്ടെന്നും ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വ്യക്തമാക്കുന്നു. ദാഭോൽകർ കൊലക്കേസിൽ നേരേത്ത സി.ബി.ഐയുടെ പിടിയിലായ വീരേന്ദ്രസിങ് താവ്ഡെ ആണ് മൂന്നു കൊലപാതകങ്ങളുടെയും മുഖ്യ ആസൂത്രകനെന്നാണ് നിഗമനം.
അതേസമയം, എം.എം. കൽബുർഗി വധക്കേസുമായി ബന്ധപ്പെട്ട് ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളായ രണ്ടുപേരെ സി.ഐ.ഡി സംഘം കസ്റ്റഡിയിൽ വാങ്ങി. ഗണേഷ് മിസ്കിൻ, അമിത് ബഡ്ഡി എന്നിവരെയാണ് 14 ദിവസത്തേക്ക് കൽബുർഗി വധക്കേസ് അന്വേഷിക്കുന്ന സി.ഐ.ഡിയുടെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ധർവാദിലെ അഡീഷനൽ കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.