പാൽ വിൽക്കാനാകുന്നില്ല, സൂക്ഷിക്കാൻ ശീതീകരണിയുമില്ല; ക്ഷീര കർഷകർ ദിവസവും 1500 ലിറ്റർ ഒഴുക്കികളയുന്നു
text_fieldsറായ്പൂർ: ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം വിൽപന സമയം കുറഞ്ഞതോടെ പാൽ വിൽക്കാനാകാതെ ക്ഷീര കർഷകർ. ചത്തിസ്ഗഡിലെ ബാലൊഡ് ജില്ലയിലെ ക്ഷീര കർഷകർ 1500 ലിറ്ററോളം പാലാണ് ദിവസവും ഒഴുക്കി കളയുന്നത്. ശേഖരിക്കുന്ന പാൽ വിൽക്കാനാകാത്തതിനാൽ ദിവസവും 1500 ലിറ്ററോളം പാൽ ഒഴുക്കി കളയേണ്ട അവസ്ഥയാണെന്ന് ഗംഗ മയ്യ ഡയറി പ്രൊഡക്ഷൻ ആൻഡ് പ്രൊസസിങ് കോഒാപറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.
മൂന്ന് ദിവസത്തിനിടെ 4500 ലിറ്ററിലധികം പാൽ ഇങ്ങനെ ഒഴുക്കി കളയേണ്ടി വന്നിട്ടുണ്ട്. പാൽ സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ അതാതു ദിവസങ്ങളിൽ തന്നെ പാൽ വിൽക്കലാണ് പതിവ്. ലോക്ഡൗൺ കാരണം വിൽപന സമയം കുറച്ചതിനാൽ ശേഖരിക്കുന്ന പാൽ മുഴുവൻ വിൽക്കാൻ സൊസൈറ്റിക്കാകുന്നില്ല.
കോവിഡ് രോഗികൾക്കും മറ്റുമായി ആശുപത്രികളിലടക്കം വിതരണം ചെയ്യാൻ സൊസൈറ്റിയുടെ പാൽ സർക്കാർ ഉപയോഗപ്പെടുത്തിയാൽ കർഷകരുടെ ദുരിതത്തിന് പരിഹാരമാകുമെന്ന് സൊസൈറ്റി ഭാരവാഹികൾ പറയുന്നു. പാൽ സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനമൊരുക്കാനോ ആവശ്യക്കാർക്ക് വിതരണം െചയ്യാനോ സർക്കാർ സംവിധാനമൊരുക്കണമെന്ന് ക്ഷീര കർഷകർ ആവശ്യപ്പെടുന്നുണ്ട്.
ഒരു വശത്ത് ക്ഷീരകർഷകർ ഇത്രയധികം പാൽ ഉൽപാദിപ്പിക്കുകയും മറുവശത്ത് ആളുകൾ ഭക്ഷണത്തിന് പോലും ക്ഷാമം അനുഭവിക്കുകയും ചെയ്തിട്ടും പാൽ ഒഴുക്കി കളയേണ്ടി വരുന്നത് അധികൃതരുടെ കനത്ത വീഴ്ചയാണെന്ന് സാമൂഹിക പ്രവർത്തകൻ ഉചിത് ശർമ പറയുന്നു.
2017 ൽ അന്നത്തെ ജില്ല കലക്ടർ സരൻഷ് മിത്തറിന്‍റെ ആസൂത്രണമനസരിച്ചാണ് ബാലൊഡ് ജില്ലയിലെ ക്ഷീരകർഷകരുടെ സൊസൈറ്റി രൂപീകരിക്കുന്നത്. പാലിന്‍റെയും പാലുൽപന്നങ്ങളുടെയും വിപണി വർധിക്കുന്ന സാഹചര്യത്തിലായിരുന്നു ക്ഷീര കൃഷി വ്യാപിപ്പിക്കാനായി സൊസൈറ്റി രൂപീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.