കർണാടകയിൽ വിഗ്രഹത്തിൽ തൊട്ട ദലിത് ബാലന് 60,000 രൂപ പിഴ ചുമത്തി പഞ്ചായത്ത് അംഗങ്ങൾ
text_fieldsകോലാർ: നാട്ടുദൈവ വിഗ്രഹത്തിൽ സ്പർശിച്ചതിന് കർണാടകയിലെ ദലിത് ബാലന്റെ കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തി നാട്ടുകാരും പഞ്ചായത്ത് അംഗങ്ങളും. കോലാർ ജില്ലയിലെ ഉള്ളെരഹള്ളിയിലാണ് സംഭവം.
കഴിഞ്ഞയാഴ്ച വിഗ്രഹത്തെ ഒരു ഘോഷയാത്രയിൽ എഴുന്നള്ളിക്കുന്നതിനിടെയാണ് ബാലൻ അതിനെ തൊട്ടതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഗ്രാമത്തിലെ മുതിർന്നവരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന കുട്ടിയെയും കുടുംബത്തെയും വിളിച്ചു വരുത്തി. വിഗ്രഹം അശുദ്ധമാക്കി എന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്.
കൂലിപ്പണിക്കാരായ തങ്ങൾക്ക് ഇത്രയും വലിയ തുക അടക്കാൻ സാധിക്കില്ല എന്ന് കുട്ടിയുടെ മാതാവ് പറഞ്ഞെങ്കിലും പഞ്ചായത്ത് അംഗങ്ങൾ തീരുമാനത്തിൽനിന്ന് പിന്മാറിയില്ല. വിഗ്രഹം ശുദ്ധീകരിക്കുന്നതിന് കുടുംബം 60,000 രൂപ നൽകണമെന്ന തീരുമാനത്തിൽ അവർ ഉറച്ചുനിന്നു.
ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കില്ലെങ്കിലും ഉള്ളേരഹള്ളിയിലെ പട്ടികജാതി വിഭാഗക്കാർ ഭയം കാരണം ക്ഷേത്രത്തിൽ പ്രവേശിക്കാറില്ല. പിഴയടക്കാൻ നിർബന്ധിച്ചവർക്കെതിരെ കേസ് എടുക്കണമെന്ന് അംബേദ്‌കർ സേവാ സമിതി നേതാവ് കെ.എം. സന്ദേശ് ആവശ്യപ്പെട്ടു.
സംഭവം വിവാദമായതോടെ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ കോലാർ പൊലീസ് സ്വമേധയ കേസ് എടുത്തു. പൗരാവകാശ സംരക്ഷണ നിയമപ്രകാരമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.