ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ നഗ്‌നനാക്കി ക്രൂരമര്‍ദനം, ദേഹത്ത് മൂത്രമൊഴിച്ചു; ജീവനൊടുക്കി ദലിത് യുവാവ്
text_fieldsലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബസ്തിയില്‍ 17കാരനായ ദലിത് യുവാവ് ആത്മഹത്യ ചെയ്തു. ജന്മദിന ആഘോഷത്തിനിടെ സംഘംചേര്‍ന്നുള്ള ആക്രമണത്തിന് ഇരയായതിനു പിന്നാലെയാണ് 17കാരന്‍ ജീവനൊടുക്കിയത്. നാട്ടില്‍ ഒരു ജന്മദിനാഘോഷത്തിനിടെയാണ് ബാലനെ നാലുപേര്‍ ചേര്‍ന്ന് നഗ്‌നനാക്കുകയും ക്രൂരമായി മര്‍ദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തത്. അക്രമികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
ഡിസംബര്‍ 20ന് നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടിയിലേക്ക് ക്ഷണം ലഭിച്ചാണ് മകന്‍ പോയതെന്ന് കുടുംബം പറയുന്നു. ഉപദ്രവമേല്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത അക്രമികള്‍, ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ഉമിനീര് നക്കിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം ആരോപിക്കുന്നു.
മാനസികമായി തകര്‍ന്ന കുട്ടി വീട്ടില്‍ തിരിച്ചെത്തുകയും മാതാപിതാക്കളോട് സംഭവം പറയുകയും ചെയ്തു. ഇതിന് ശേഷമാണ് തൂങ്ങി മരിച്ചത്. പിന്നാലെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബം സംഭവത്തില്‍ അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കേസെടുക്കാനും നടപടി സ്വീകരിക്കാനും അധികൃതര്‍ ആദ്യം തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു.
തുടര്‍ന്ന് മൃതദേഹവുമായി ബസ്തി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലെത്തി കുത്തിയിരിപ്പ് സമരം നടത്തി. കുട്ടിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും എന്നാല്‍ മുന്‍ വൈരാഗ്യമുണ്ടെന്ന് സംശയിക്കുന്നതായും കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. കുടുംബത്തിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചെന്നും പൊലീസ് സൂപ്രണ്ട് പ്രദീപ് കുമാര്‍ ത്രിപാഠി അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പ് വരുത്തുമെന്നും ത്രിപാഠി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.