ഉന്നതജാതിക്കാരിയുടെ കമ്മൽ മോഷ്ടിച്ചെന്ന്; ദലിത് ബാലനെ വൈദ്യുതത്തൂണിൽ കെട്ടിയിട്ട് മർദിച്ചു, മാതാവിനോടും ക്രൂരത
text_fieldsബംഗലൂരു: മോഷണക്കുറ്റം ആരോപിച്ച് ദലിത് ബാലനെ തൂണിൽ കെട്ടിയിട്ട് ഉയർന്ന ജാതിക്കാർ ക്രൂരമായി മർദിച്ചു. കർണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിലെ ചിന്താമണി റൂറൽ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലാണ് സംഭവം. തുംകൂർ ജില്ലയിലെ കെമ്പദേനഹള്ളി സ്വദേശിയായ 14 വയസുകാരൻ യശ്വന്തിനാണ് മർദനമേറ്റത്. കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന യശ്വന്തിനെ, ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയുടെ സ്വർണക്കമ്മലുകൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അക്രമിച്ചത്.
നിലത്തുകൂടെ വലിച്ചിഴച്ച ശേഷം വൈദ്യുതത്തൂണിൽ കെട്ടിയിട്ടായിരുന്നു ക്രൂരത. മകനെ രക്ഷിക്കാൻ ഓടിയെത്തിയ അമ്മയെയും അക്രമിസംഘം വെറുതെ വിട്ടില്ല. യശ്വന്തും അമ്മയും സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. അക്രമം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് വിവരം പുറത്തറിയുന്നതും പൊലീസ് കേസെടുക്കുന്നതും. പൊലീസ് അന്വേഷണം ആരംഭിക്കുകയും കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 10 പേർക്കെതിരെ ഇവർ പരാതി നൽകിയിട്ടുണ്ട്.
അടുത്തിടെ, കർണാടകയിലെ കോലാർ ജില്ലയിലെ ഉള്ളേരഹള്ളി ഗ്രാമത്തിൽ ഹിന്ദു ദൈവത്തിന്റെ വിഗ്രഹത്തിൽ സ്പർശിച്ചതിന് ദളിത് ബാലന്‍റെ കുടുംബത്തിന് ഉയർന്ന ജാതിക്കാരായ ക്ഷേത്രകമ്മറ്റി ജീവനക്കാർ 60000 രൂപ പിഴ ചുമത്തിയിരുന്നു. ദളിത് കുടുംബത്തെ ബഹിഷ്‌ക്കരിക്കണമെന്നും ഇവർ ആഹ്വാനം ചെയ്തു. തുടർന്ന് കുടുംബം നൽകിയ പരാതിയിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ കേസെടുക്കുകയും അനുനയനത്തിനായി ദലിത് കുടുംബത്തോടൊപ്പം ബി.ജെ.പി എം.എൽ.എമാർ ഭക്ഷണം കഴിക്കുകയും ചെയ്തു.
എന്നാൽ, തങ്ങൾക്കുണ്ടായ അപമാനം ഇതുകൊണ്ടൊന്നും തീരില്ലെന്നും കഷ്ടകാലങ്ങളിൽ ബുദ്ധനിലും അംബേദ്ക്കറിലും വിശ്വസിച്ചതാണ് തുണയായതെന്നുമാണ് കുടുംബം പറഞ്ഞത്. പിഴ ചുമത്തിയതിൽ പ്രതിഷേധിച്ച് വീട്ടിൽ നിന്ന് ദൈവങ്ങളുടെ ചിത്രങ്ങളും ദലിത് കുടുംബം നീക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.