ദലിത് ബാലനെ തല്ലിക്കൊന്നത് പോരാതെ പൊലീസ് കുടുംബത്തെ തല്ലിച്ചതച്ചു -സച്ചിൻ പൈലറ്റ്
text_fieldsതന്റെ പാത്രത്തിൽനിന്ന് വെള്ളം കുടിച്ചതിന് രാജസ്ഥാനിൽ അധ്യാപകന്റെ ക്രൂര മർദനമേറ്റ് കൊല്ലപ്പെട്ട ദലിത് ബാലന്റെ മാതാപിതാക്കളടക്കമുള്ളവരെ പൊലീസ് തല്ലിച്ചതച്ചതായി മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കാത്തതിനെ ചോദ്യം ചെയ്ത അദ്ദേഹം, തങ്ങൾ സംസ്ഥാനം ഭരിക്കുന്നതു കൊണ്ട് ഇത്തരം കൃത്യങ്ങൾക്ക് അംഗീകാരം നൽകാനാകില്ലെന്നും വ്യക്തമാക്കി.
സംഭവം വലിയ പ്രതിഷേധത്തിനിടയാക്കുകയും സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ പ്രതിരോധത്തിലാവുകയും ഒരു എം.എൽ.എ രാജി വക്കുകയും ചെയ്തിരിക്കെയാണ് മന്ത്രിസഭയിലെ രണ്ടാമൻ തന്നെ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്. ഒരു മാസം മുമ്പ് മർദനമേറ്റ് ചികിത്സയിലായിരുന്ന ഒമ്പതുവയസുകാരൻ കഴിഞ്ഞദിവസമാണ് മരണത്തിന് കീഴടങ്ങിയത്.
"അധ്യാപകനും സ്‌കൂളിനുമെതിരെ സർക്കാർ നടപടിയെടുത്തിട്ടുണ്ട്. നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അതിലും പ്രധാനമായത് കുട്ടിയുടെ മൃതദേഹം കൊണ്ടുവന്നപ്പോൾ കുടുംബത്തിനും മറ്റുള്ളവർക്കും നേരെ പൊലീസ് ലാത്തി ചാർജ് നടത്തി എന്നതാണ്" -പൈലറ്റ് പറഞ്ഞു.
"പൊലീസ് ആക്രമണത്തിൽ കുട്ടിയുടെ പിതാവിനും മുത്തച്ഛനും സാരമായി പരിക്കേറ്റു. ആ കുടുംബമൊന്നാകെ ഇപ്പോഴും പേടിച്ചിരിക്കുകയാണ്. അവർക്കാവശ്യമായ എല്ലാ സുരക്ഷയും ഉറപ്പു നൽകിയിട്ടുണ്ട്. അപ്പോഴും ആ സമുദായം തന്നെ വലിയ ഭീതിയിലാണ് കഴിയുന്നതെന്ന യാഥാർഥ്യം നിലനിൽക്കുന്നു" -അദ്ദേഹം വിശദമാക്കി.
കുടുംബത്തിനെതിരെയുള്ള പൊലീസ് അടിച്ചമർത്തൽ രാജസ്ഥാൻ സർക്കാരിന്റെ പരാജയമാണോ എന്ന ചോദ്യത്തിന് "സാഹചര്യങ്ങൾ എന്തായിരിക്കുമെന്ന് എനിക്കറിയില്ല. കുറ്റകൃത്യത്തിലുൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ഞാൻ കരുതുന്നു. എന്നാൽ അതിനെന്തുകൊണ്ടാണ് കാലതാമസം വരുന്നതെന്ന് അറിയില്ല"- എന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ മറുപടി.
രാജസ്ഥാനിലെ ജാലോർ ജില്ലയിലെ സ്വകാര്യ സ്‌കൂളിൽ ജൂലൈ 20നായിരുന്നു സംഭവം. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേൽക്കുകയും ആന്തരിക രക്തസ്രാവമുണ്ടാവുകയും ചെയ്തതിനെ തുടർന്ന് അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി 13നാണ് മരിച്ചത്. മർദനത്തിനൊപ്പം അധ്യാപകൻ കുട്ടിയെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. വിദ്യാർഥിയുടെ കുടുംബത്തിന് പരമാവധി വേഗത്തിൽ നീതി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസനിധിയിൽ നിന്ന് കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സംഭവത്തിൽ പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ പട്ടികജാതി- വർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ്. അതേസമയം, ദലിത് അവസ്ഥകൾക്ക് മാറ്റം ഉണ്ടാകുന്നില്ലെന്നും അവർക്കായി ഒന്നും ചെയ്യാൻ കഴിയാത്തതിൽ കുറ്റബോധം ഉണ്ടെന്നും കാട്ടി ഒരു കോൺഗ്രസ് എം.എൽ.എ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ലോക്സഭ മുൻ സ്പീക്കർ മീരാ കുമാറും ശക്തമായ ഭാഷയിൽ സംഭവത്തെ അപലപിച്ച് രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.