ദലിത് ക്രൈസ്തവ സംവരണം: രംഗനാഥ മിശ്ര കമീഷൻ ശിപാർശ സ്വീകാര്യമല്ലെന്ന് കേന്ദ്രം
text_fieldsന്യൂഡല്‍ഹി: ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിത് വിഭാഗങ്ങളെയും പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണമെന്ന ജസ്റ്റിസ് രംഗനാഥ മിശ്ര കമീഷൻ ശിപാർശ സ്വീകാര്യമല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. വിഷയം പഠിക്കുന്നതിനായി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ അധ്യക്ഷനായ മൂന്നംഗ സമിതിയെ ഒക്ടോബറിൽ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി.
ദലിത് ക്രൈസ്തവ സംവരണം സംബന്ധിച്ച ഹരജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിച്ചപ്പോള്‍ അഭിഭാഷകന് പ്രശാന്ത് ഭൂഷന് കേന്ദ്ര സര്‍ക്കാര്‍ ഒടുവിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ മറ്റൊരു കമീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത് ചൂണ്ടിക്കാട്ടി. വിഷയം പഠിക്കാന്‍ രണ്ടുവര്‍ഷത്തെ സമയമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇത്രയധികം സമയം വേണ്ടതുണ്ടോ എന്നും അദ്ദേഹം ഉന്നയിച്ചു. പുതുതായി രൂപവത്കരിച്ച കമീഷന്റെ റിപ്പോര്‍ട്ട് വരുന്നതുവരെ കോടതി കാത്തിരിക്കണോ അതോ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തീരുമാനം എടുക്കണോ എന്നതാണ് പരിശോധിക്കേണ്ടതെന്ന് ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് എ.എസ്. ഓക എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
ഒരാള്‍ ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതോടെ അയാള്‍ അതുവരെ അനുഭവിച്ചിരുന്ന സാമൂഹിക അസമത്വം ഇല്ലാതാകുകയാണെന്ന് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. പട്ടികജാതി സമുദായത്തില്‍പെട്ട ഒരാള്‍ക്ക് പല സാമൂഹിക പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ടാകാം. എന്നാല്‍, ക്രൈസ്തവ മതം സ്വീകരിച്ച് പേരും മാറ്റിക്കഴിഞ്ഞാല്‍ അതുവരെ അനുഭവിച്ചിരുന്ന വിവേചനം ഇല്ലാതാകുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേസ് ജനുവരി 23ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന രംഗനാഥ മിശ്ര കമീഷന് 2007ല്‍ നല്കിയ റിപ്പോര്‍ട്ടില്‍ ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദലിത് വിഭാഗങ്ങളെയും പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണം എന്ന് ശിപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സെന്റർ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍, നാഷനല്‍ കൗണ്‍സില്‍ ഓഫ് ദലിത് ക്രിസ്ത്യന്‍ തുടങ്ങിയ സംഘടനകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.