ഡൽഹിയിൽ ദലിത് ബാലിക കൊല്ലപ്പെട്ടത് പീഡനത്തിനിടെ ശ്വാസം കിട്ടാതെ
text_fieldsന്യൂഡൽഹി: ആഗസ്റ്റ് ഒന്നിന് ഡൽഹിയിലെ ഓൾഡ് നംഗൽ ഗ്രാമത്തിൽ ഒമ്പതു വയസ്സുകാരിയായ ദലിത് ബാലിക അതിക്രൂരമായി കൊല്ലപ്പെടുകയും വീട്ടുകാരുടെ സമ്മതമില്ലാതെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്ത കേസിൽ പ്രതികളുടെ മൊഴി പൊലീസ് കോടതിയിൽ സമർപ്പിച്ചു. ശ്മശാനത്തിലെ പൂജാരി 55കാരനായ രാധേ ശ്യാമാണ് കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. കൊലപാതക കാരണം സംബന്ധിച്ച് ആദ്യമായാണ് ഔദ്യോഗിക റിപ്പോർട്ട് പുറത്തുവരുന്നത്.
സംഭവത്തിൽ പൂജാരിയെ കൂടാതെ ശ്മശാനത്തിലെ ജീവനക്കാരായ കുൽദീപ് സിങ്, സലീം അഹ്മദ്, ലക്ഷ്മി നാരായണൻ എന്നിവരാണ് അറസ്റ്റിലായത്. രാധേ ശ്യാം പെൺകുട്ടിയുടെ വായ െപാത്തിപ്പിടിച്ചതുമൂലം ശ്വസം കിട്ടാതെ മരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ ഇരു കൈകളും കൂട്ടു പ്രതി കുൽദീപ് സിങ് പിടിച്ചുവെച്ചുവെന്നും പൊലീസ് അറിയിച്ചു. സലീം അഹ്മദ്, ലക്ഷ്മി നാരായണൻ എന്നിവരാണ് തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതെന്ന് നേരത്തേ പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
ആഗസ്റ്റ് ഒന്നിന് വൈകീട്ട് അഞ്ചരയോടെ വീടിനു സമീപത്തുള്ള ശ്മശാനത്തിലെ കൂളറിൽ നിന്നു തണുത്ത വെള്ളമെടുക്കാൻ പോയതായിരുന്നു പെൺകുട്ടി. വൈകീട്ട് ആറു മണിയോടെ രാധേ ശ്യാമും മറ്റു മൂന്നുപേരും പെൺകുട്ടി ഷോക്കേറ്റു മരിച്ചുവെന്ന് വീട്ടിലെത്തി അറിയിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ പൊലീസിൽ വിവരമറിയിക്കാൻ ഒരുങ്ങിയപ്പോൾ അത് തടസ്സപ്പെടുത്തുകയും ചെയ്തു. പോസ്റ്റുമോർട്ടം ചെയ്യേണ്ടി വന്നാൽ അവയവങ്ങൾ മുറിച്ചുമാറ്റുമെന്നും തെറ്റിദ്ധരിപ്പിച്ച് വീട്ടുകാരുടെ സമ്മതമില്ലാതെ ഉടൻ സംസ്കാരം നടത്തിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.