മഹാരാഷ്ട്ര കലാപം: ദലിത് സംഘടനകൾ ബന്ദ് പിൻവലിച്ചു
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഭീമ കോറഗണിൽ റാലിക്കെതിരെ നടന്ന അക്രമസംഭവങ്ങളെ തുടർന്ന് ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പിൻവലിച്ചു. ബന്ദില്‍ മുംബൈ നഗരം ഭാഗികമായി സ്തംഭിച്ചിരുന്നു. അക്രമസംഭവങ്ങൾ തടയുന്നതിനായി 21,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്.
മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു. മുംബൈ മെട്രോ സര്‍വീസും തടസ്സപ്പെട്ടു. സർവീസ് നടത്തിയ നിരവധി ബസുകള്‍ തകര്‍ത്തു. നിരത്തിലിറങ്ങിയ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. പലയിടത്തും സ്‌കൂളുകളും ഓഫീസുകളും തുറക്കാനായില്ല. ദലിത് സ്വാധീന മേഖലകളിലെല്ലാം ബന്ദ് പൂർണമായിരുന്നു.
മഹാരാഷ്ടയിലെ ഭീമ കോറഗൺ ഗ്രാമത്തിൽ ജനുവരി ഒന്നിനാണ് സംഘർഷമുണ്ടായത്. കലാപത്തിൽ 28കാരനായ രാഹുൽ ഫടൻഗലെ എന്ന ദലിത് യുവാവ് കൊല്ലപ്പെട്ടിരുന്നു. നാല് പേർക്ക് പരിക്കേറ്റു. 1818 ൽ പേഷ്വാകളും ബ്രിട്ടീഷുകാരം തമ്മിൽ നടന്ന യുദ്ധത്തിന്‍റെ വിജയം ആഘോഷിക്കുകയായിരുന്നു ദലിതുകൾ. ഈ സമയം 40ഓളം വാഹനങ്ങൾ അഗ്നിക്കിരയാവുകയും നിരവധി വീടുകളും കടകളും കത്തിനശിക്കുകയും ചെയ്തു. തുടർന്ന് ചൊവ്വാഴ്ച സംസ്ഥാനത്ത് വലിയ പ്രക്ഷോഭം അരങ്ങേറി.
അതേസമയം, ദലിത് യുവാവ് മരിക്കാനിടയായ സാഹചര്യം സൃഷ്ടിച്ചതിന് രണ്ട് ഹിന്ദു നേതാക്കൾക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. ഹിന്ദു ഏക്ത അഖാദി പ്രവർത്തകനായ മിലിന്ദ് എക്ബോട്ടെ, ശിവ് പ്രതിസ്ഥാൻ പ്രവർത്തകനായ സാംഭാജി ബിൻഡെ എന്നിവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അക്രമം തടയൽ നിയമമനുസരിച്ചാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.