ഗുജറാത്തിലെ ദലിത് അഭിഭാഷകൻ കൊല്ലപ്പെട്ടത് ബ്രാഹ്മണർക്കെതിരെ പോസ്റ്റിട്ടതിനാൽ -പൊലീസ്
text_fieldsഗാന്ധിനഗർ: ഗുജറാത്തിലെ ദലിത് അഭിഭാഷകൻ ദേവ്ജി മഹേശ്വരി കൊല്ലപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ ബ്രാഹ്മണർക്കെതിരെ പോസ്റ്റിട്ടതിനാലാണെന്ന് കണ്ടെത്തൽ. മുഖ്യപ്രതിയായ ഭരത് റാവലിൽ നിന്നും ഇതുസംബന്ധിച്ച തെളിവുകൾ കിട്ടിയെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ ബ്രാഹ്മണരെ വിമർശിച്ചതിന് അഭിഭാഷകനുമായി പ്രതികൾ ഫോണിലൂടെ തർക്കിച്ചിരുന്നു. ഇതിനുപിന്നാലെ കച്ചിലെ റപർ നഗരത്തിൽ വെച്ച് അഭിഭാഷകനെ കുത്തിക്കൊല്ലുകയായിരുന്നു.
''പ്രതിയുമായി അഭിഭാഷകൻ 3-14 മിനുറ്റുള്ള ഫോൺ വിളി നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അഭിഭാഷകൻ ആൾ ഇന്ത്യ ബാക്വേർഡ് ആൻഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംേപ്ലായീസ് ഫെഡറേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ബ്രാഹ്മണർക്കെതിരെ അദ്ദേഹം വിമർശനങ്ങളുന്നയിച്ചിരുന്നു. പ്രതി റാവൽ നിരവധി തവണ ഇത്തരം പോസ്റ്റുകളിടരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും ഫോണിലൂടെ വാഗ്വാദമുണ്ടായി'' -ഡി.ഐ.ജി ജെ.ആർ മൊദാലിയ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ 9 പ്രതികളുടെ പേര് സഹിതം അഭിഭാഷകെൻറ ഭാര്യ മീനാക്ഷി ബെൻ പരാതി നൽകിയിരുന്നു. എഫ്.ഐ.ആറിൽ പരാമർശിച്ച മറ്റുഎട്ടുപേർക്കെതിരെ നിലവിൽ തെളിവുകളൊന്നും കിട്ടിയിട്ടില്ല എന്നാണ് പൊലീസ് വാദം.
സുഹൃത്തുക്കളായ ഹനത്, പ്രകാശ് ബേര, വിക്രം ദേവ്ദ എന്നിവരുടെ സഹായത്തോടെ സംഭവത്തിന് ശേഷം പ്രതി റാവൽ മുംബൈയിലേക്ക് കടന്നിരുന്നു. സുഹൃത്തുക്കൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അഭിഭാഷകെൻറ ഭാര്യക്ക് പിന്തുണയുമായി ജിഗ്നേഷ് മേവാനി എം.എൽ.എ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.