'ദലിതനും ജീവിക്കണം'; യോഗിയുടെ ദലിത് വിരോധത്തിനെതിരെ ഹാഷ്ടാഗ് കാമ്പയിൻ സജീവം
text_fieldsന്യൂഡൽഹി: ഹാഥറസിൽ 19കാരിയായ ദലിത് പെൺകുട്ടി കൂട്ട ബലാത്സംഗത്തിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ഉത്തർ പ്രദേശിൽ ദലിതർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ വൻ പ്രതിഷേധം. ദലിതർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ പൊലീസും യോഗി ആദിത്യനാഥ് സർക്കാറും സ്വീകരിക്കുന്ന നിലപാടിനെതിരെയാണ് പ്രതിഷേധം. സാമൂഹിക മാധ്യമങ്ങളിൽ ദലിത് ലൈവ്സ് മാറ്റർ (ദലിതനും ജീവിക്കണം) ഹാഷ്ടാഗ് കാമ്പയിൻ സജീവമായി.
ഹാഥറസിൽ ദലിതർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് നേരെ െപാലീസും സർക്കാറും കണ്ണടക്കുന്നുവെന്ന ആരോപണം ശക്തമാണ്. രാജ്യത്ത് ഏറ്റവും അധികം ദലിതർക്ക് നേരെ അതിക്രമം നടക്കുന്നതും യു.പിയിലാണ്. ഹാഥറസ് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരായായി കൊല്ലപ്പെട്ടതോടെ പ്രതിഷേധം കനത്തു.
കേസ് ഒതുക്കി തീർക്കാൻ പൊലീസ് തുടക്കം മുതൽ ശ്രമിച്ചത് വിവാദങ്ങൾക്ക് വഴിതെളിക്കുകയായിരുന്നു. സെപ്റ്റംബർ 29ന് രാവിലെയാണ് ഹാഥറസിൽ കൂട്ടബലാത്സംഗത്തിരയായ പെൺകുട്ടി മരണത്തിന് കീഴടങ്ങുന്നത്. രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷമായിരുന്നു മരണം. പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ നൽകാൻ ആദ്യം യു.പി സർക്കാർ തയാറായിരുന്നില്ല. പിന്നീട് പ്രതിഷേധം കനത്തതോടെ പെൺകുട്ടിയെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതായി മൊഴി നൽകിയിട്ടും പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കാൻ തയാറായിരുന്നില്ല. കൂട്ടബലാത്സംഗം നടന്നതിന് തെളിവില്ലെന്നായിരുന്നു പൊലീസ് വാദം. ഗ്രാമത്തിലെ തന്നെ സവർണരാണ് പെൺകുട്ടിയെ അക്രമത്തിന് ഇരയാക്കിയതെന്നും ഇവിടെ ദലിതർക്ക് നേരെ ആക്രമണം പതിവാണെന്ന് അറിയിച്ചിട്ടും അതിന് ചെവി കൊടുക്കാനും പൊലീസ് തയാറായിരുന്നില്ല.
മരണശേഷം ബന്ധുക്കളുടെ ആവശ്യം പരിഗണിക്കാരെ വെളുപ്പിന് ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുംപോലെ പൊലീസിെൻറ നേതൃത്വത്തിൽ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഹാഥറസ് വിഷയം കത്തിപടരുന്നതിനിടെ യു.പിയിൽ തന്നെ ദലിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്തു.
ഉയർന്നുവന്ന എതിർ ശബ്ദങ്ങളെ അടിച്ചമർത്താനായിരുന്നു സർക്കാറിെൻറയും യു.പി െപാലീസിെൻറയും ശ്രമം. ഹഥാറസ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. കൂടാതെ കോവിഡ് കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. മാധ്യമങ്ങളെയോ മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളെയോ പെൺകുട്ടിയുടെ ബന്ധുക്കളെ കാണാൻ അനുവദിച്ചില്ല. പെൺകുട്ടിയുടെ ഗ്രാമം മുഴുവൻ അടച്ചുപൂട്ടുകയും ചെയ്തു. ഇതെല്ലാം വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
െപൺകുട്ടിക്ക് നീതി ലഭിക്കാൻ പോരാട്ടത്തിന് ആഹ്വാനം ചെയ്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ വീട്ടുതടങ്കലിലാക്കുകയും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യു.പി പൊലീസിൽനിന്ന് മർദ്ദനവും ഏൽക്കേണ്ടിവന്നിരുന്നു. ദലിതർക്ക് നേരെ നടക്കുന്ന ഇത്തരം അക്രമണങ്ങളിൽ യോഗിയും പൊലീസും ബി.ജെ.പി നേതാക്കളും പാലിക്കുന്ന മൗനവും ഈ പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.