ആന്ധ്രയിൽ ദലിത് യുവാവിന് പൊലീസ് മർദ്ദനം; തലമൊട്ടയടിക്കുകയും മീശയും താടിയും വടിക്കുകയും ചെയ്തു
text_fieldsഹൈദരാബാദ്: ആന്ധ്രപ്രദേശിൽ പൊലീസുകാർ ദലിത് യുവാവിനെ അമ്മയുടെ കൺമുന്നിലിട്ട് ക്രൂരമായി മർദ്ദിക്കുകയും തലമുടിയും താടിയും മീശയും വടിക്കുകയും ചെയ്തു. വൈ.എസ്.ആർ കോൺഗ്രസ് എം.എൽ.എയുടെ നിർദേശത്തെ തുടർന്നാണ് അക്രമം. ഹൈദരാബാദിൽനിന്ന് 271 കിലോമീറ്റർ അകലെ കിഴക്കൻ ഗോദാവരി ജില്ലയിലാണ് സംഭവം.
പ്രദേശത്ത് ഒരാളുടെ അന്ത്യകർമ്മങ്ങൾക്ക് മണൽ കടത്തുന്നത് പ്രസാദും മറ്റു രണ്ടുപേരും ചേർന്ന് തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. സംഭവത്തിൽ പ്രാദേശിക രാഷ്ട്രീയ നേതാവിന് വൈര്യം തോന്നിയതിനെ തുടർന്ന് പ്രസാദിനെ കാർ ഇടിപ്പിച്ചതായും ആരോപണമുണ്ട്. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കവുമുണ്ടായി. ഇതിൽ പ്രദേശത്തെ എം.എൽ.എക്കെതിരെയും ആരോപണം ഉന്നയിച്ചു. തുടർന്ന് എം.എൽ.എ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും പ്രസാദിനെ ഒരു പാഠം പഠിപ്പിക്കാൻ നിർദേശിക്കുകയുമായിരുന്നു.
തുടർന്ന് അന്വേഷണത്തിെൻറ ഭാഗമായി വെടുല്ലപള്ളി ഗ്രാമവാസിയായ യുവാവ് ഐ. വരപ്രസാദിനെയും കൂട്ടരെയും സബ് ഇൻസ്പെക്ടറും കോൺസ്റ്റബ്ൾമാരുമെത്തി പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽവെച്ച് പ്രസാദിനെ ക്രൂരമായി മർദ്ദിക്കുകയും ബാർബറെ വിളിച്ചുവരുത്തി തലമുടിയും താടിയും മീശയും വടിക്കുകയായിരുന്നുവെന്നും പ്രസാദ് പറഞ്ഞു.
പ്രസാദിനെ ഗുരുതര പരിക്കുകളോടെ പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എസ്.സി/എസ്.ടി നിയമപ്രകാരം എസ്.ഐക്കും മറ്റു രണ്ടു പൊലീസുകാർക്കുമെതിരെ കേസെടുത്തു. ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കാട്ടാള ഭരണമാണെന്നും പൊലീസുകാരെ സർവിസിൽനിന്ന് നീക്കി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.