ദലിത് യുവാവിനെ ആൾകൂട്ടം തല്ലിക്കൊന്നു; അമ്മയെ നഗ്നയാക്കി, സഹോദരിക്കും മർദനം
text_fieldsഭോപാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ദലിത് യുവാവിനെ ആൾകൂട്ടം തല്ലിക്കൊന്നു. അക്രമികളിൽനിന്ന് മകനെ രക്ഷിക്കാൻ ശ്രമിച്ച മാതാവിനെ നഗ്നയാക്കുകയും സഹോദരിയെ മർദിക്കുകയും ചെയ്തു. സംഭവത്തിൽ എട്ടു പേരെ അറസ്റ്റ് ചെയ്തെന്നും ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജീവ് ഉയ്കി പറഞ്ഞു.
കൊല്ലപ്പെട്ട യുവാവിന്‍റെ സഹോദരി 2019ൽ പ്രദേശത്തെ നാലു യുവാക്കൾക്കെതിരെ തന്നെ ആക്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസ് നൽകിയിരുന്നു. യുവാക്കൾ അറസ്റ്റിലായ കേസിൽ കോടതി നടപടികൾ തുടരുകയുമാണ്. ഈ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടും തയാറാകാത്ത പകയിലാണ് ഒരുകൂട്ടം യുവാക്കൾ ദലിത് കുടുംബത്തിന്‍റെ വീട്ടിലെത്തി ആക്രമണം നടത്തിയത്.
‘മകനെ ക്രൂരമായി മർദിച്ച് കൊന്നു. എന്‍റെ വസ്ത്രങ്ങൾ വലിച്ചുകീറി. പൊലീസെത്തി ടവൽ തന്നു. ടവൽ മാത്രം ധരിച്ച് ഞാൻ അവിടെ നിന്നു. പിന്നീട് അവർ എനിക്ക് സാരി തന്നു’ -കൊല്ലപ്പെട്ട യുവാവിന്‍റെ മാതാവ് പറഞ്ഞു. ഇവരുടെ വീട് അക്രമികൾ ഒന്നാകെ നശിപ്പിച്ച നിലയിലാണ്. വീട്ടുപകരണങ്ങളെല്ലാം തകർത്തതായി കുടുംബം പറയുന്നു.
കൂടുതൽ അക്രമങ്ങൾ തടയാൻ സാഗർ ജില്ലയിലെ ഗ്രാമത്തിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട യുവാവിന്‍റെ സംസ്കാരം നടത്തി. കുടുംബത്തിന് സർക്കാർ സഹായം ലഭ്യമാക്കുമെന്ന് കലക്ടർ ഉറപ്പു നൽകിയിട്ടുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഈ സംഭവം രാഷ്ട്രീയ ഏറ്റുമുട്ടലിന് വഴിവെച്ചിരിക്കുകയാണ്. പ്രതിപക്ഷമായ കോൺഗ്രസും മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയും ബി.ജെ.പി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ദലിതർക്കും മറ്റു പടികവർഗ വിഭാഗക്കാർക്കുമെതിരായ അതിക്രമം സംസ്ഥാനത്ത് നിരന്തരം നടക്കുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. ബി.ജെ.പി മധ്യപ്രദേശിനെ ദലിത് അതിക്രമങ്ങളുടെ പരീക്ഷണശാലയാക്കിയെന്നും അദ്ദഹം വിമർശിച്ചു.
അതസേമയം, സംഭവം നടന്നയുടൻ നടപടി സ്വീകരിച്ചെന്ന് സർക്കാർ അവകാശപ്പെട്ടു. ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്നും കോൺഗ്രസ് വിഷയം അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കുകയാണെന്നും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.