നല്ല വസ്ത്രവും കൂളിങ് ഗ്ലാസും ധരിച്ചതിന് ഗുജറാത്തിൽ ദലിത് യുവാവിനെ മേൽജാതിക്കാർ കൂട്ടം ചേർന്ന് മർദിച്ചു; ഏഴുപേർക്കെതിരെ കേസ്
text_fieldsഅഹമ്മദാബാദ്: നല്ല വസ്ത്രവും കൂളിങ് ഗ്ലാസും ധരിച്ചതിന് ദലിത് യുവാവിന് മേൽ ജാതിക്കാരുടെ മർദനം. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലാണ് സംഭവം. യുവാവ് നല്ല വസ്ത്രവും കൂളിങ് ഗ്ലാസും ധരിച്ചത് മേൽജാതിയിൽ പെട്ടവർക്ക് ഇഷ്ടപ്പെട്ടില്ല. തുടർന്ന് ഇവർ കൂട്ടം ചേർന്ന് യുവാവിനെ മർദിക്കുകയായിരുന്നു. സംഭവത്തിൽ ഏഴുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മെയ് 30 നാണ് സംഭവം നടന്നത്. പലൻപൂർ താലൂക്കിലെ മോട്ട ഗ്രാമത്തിലാണ് സംഭവമമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജിഗർ ശെഖാലിയ എന്ന യുവാവിനാണ് മർദനമേറ്റത്. ഇദ്ദേഹം വീടിനു മുമ്പിൽ നിൽക്കുമ്പോൾ പ്രതികളിലൊരാൾ ഇയാളുടെ അടുത്തെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അന്ന് രാത്രി ജിഗർ ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് നിൽക്കുമ്പോൾ രജ്പുത് വിഭാഗത്തിലെ ആറുപേർ ഇദ്ദേഹത്തെ സമുപിക്കുകയും എന്തിനാണ് ഇത്രനല്ല വസ്ത്രവും കണ്ണടയും ധരിച്ചതെന്ന് ചോദിക്കുകയും അതോടൊപ്പം മർദിക്കാൻ ആരംഭിക്കുകയും ചെയ്തു. മർദിച്ച് അവശനാക്കിയ ശേഷം ഇയാൾ സമീപത്തെ പാൽബൂത്തിന് പിറകിലേക്ക് വലിച്ചുകൊണ്ടുപോയി.
യുവാവിന്റെ അമ്മ മകനെ രക്ഷിക്കാനായി ഓടിയെത്തിയെങ്കിലും പ്രതികൾ അവരെയും മർദിച്ചു. അവരുടെ വസ്ത്രം വലിച്ചു കീറുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ഇവരെ പിന്നീട് പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഏഴുപേർക്കെതിരെ ഗദ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.