ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാനായില്ല; ഹരിയാനയിൽ ദലിത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു
text_fieldsചണ്ഡിഗഢ്: ഫീസ് അടക്കാത്തതിൻ്റെ പേരിൽ പരീക്ഷയെഴുതാൻ അവസരം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ദലിത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഫർതിയ ഭീം ഗ്രാമത്തിൽ നിന്നുള്ള ദീക്ഷ (22) ആണ് ആത്മഹത്യ ചെയ്തത്. 35000 രൂപ കുടിശ്ശികയായതിനാൽ സ്വകാര്യ കോളജ് അഞ്ചാം സെമസ്റ്റർ പരീക്ഷ എഴുതാനുള്ള ദീക്ഷയുടെ അവസരം നിഷേധിക്കുകയായിരുന്നു.
ഫീസ് അടക്കാൻ സമയം നീട്ടി നൽകണമെന്ന് കോളജ് അധികൃതരോട് അഭ്യർഥിച്ചെങ്കിലും തൻ്റെ അപേക്ഷ നിരസിച്ചതായി ദീക്ഷയുടെ പിതാവ് ജഗദീഷ് പറഞ്ഞു. ഡിസംബർ 24ന് രാത്രിയാണ് ദീക്ഷ സീലിങ് ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്തത്. ഫീസ് അടക്കാത്തതിനെച്ചൊല്ലിയുള്ള കോളജിൻ്റെ സമ്മർദ്ദമാണ് മകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ആരോപിച്ച് ജഗദീഷ് പൊലീസിൽ പരാതി നൽകി. കോളജ് പ്രിൻസിപ്പൽ, കോളജ് ഉടമ, ഉടമയുടെ മകൻ, മകൾ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദീക്ഷയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് ഹരിയാന സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി കൃഷൻ ബേദി അറിയിച്ചു. എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്. കുറ്റവാളികളെ പിടികൂടാൻ പൊലീസ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പറുകൾ - 1056, 0471- 2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.