ഐ.ഐ.ടി അഡ്മിഷനായി സുപ്രീംകോടതിയുടെ ഇടപെടൽ; ആശ്വാസ പുഞ്ചിരിയുമായി ദലിത് വിദ്യാർഥി
text_fieldsന്യൂഡൽഹി: സെർവർ തകരാർ മൂലം ഫീസടക്കാൻ സാധിക്കാതെ ഐ.ഐ.ടി ധൻബാദിലെ അഡ്മിഷൻ പ്രതിസന്ധിയിലായ ദലിത് വിദ്യാർഥിക്ക് ഇളവനുവദിച്ച് സുപ്രീംകോടതി രക്ഷയായത് കഴിഞ്ഞ ദിവസമായിരുന്നു. വിദ്യാർഥിക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതി തനിക്ക് അനുകൂലമായി നിന്നതോടെ ഏറെ ആശ്വാസമാണ് ലഭിച്ചതെന്നും ആഹ്ലാദത്താൽ ചന്ദ്രനിലെത്തിയ പ്രതീതിയായിരുന്നെന്നും ഉത്തർപ്രദേശിലെ മുസഫർനഗറിലെ തിതോറ ഗ്രാമത്തിലെ നിർധന ദളിത് വിദ്യാർഥിയായ അതുൽ കുമാർ പറയുന്നു.
ചീഫ് ജസ്റ്റിസാണ് തന്നെ സഹായിച്ചതെന്ന് ആശ്വാസ പുഞ്ചിരിയോടെ അതുൽ പറഞ്ഞു. സാമ്പത്തിക ഞെരുക്കം കാരണം വിദ്യാർത്ഥികളുടെ പുരോഗതിക്ക് ഒരു തടസ്സവും ഉണ്ടാകരുതെന്നും അവരുടെ ഭാവിയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞെന്നും അതുൽ വ്യക്തമാക്കി.
ഐ.ഐ.ടി ധൻബാദിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലാണ് അതുലിന് അഡ്മിഷൻ ലഭിച്ചത്. 17,500 രൂപ ഫീസ് കൃത്യ സമയത്ത് അടക്കാൻ അതുലിന് സാധിക്കാതിരുന്നതാണ് പ്രതിസന്ധിയായത്. ജൂൺ 24ന് ഫീസടക്കാനുള്ള സമയപരിധി അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോൾ സെർവർ തകരാറിലാകുകയായിരുന്നു. ഗ്രാമീണർ ശേഖരിച്ച പണവുമായിട്ടായിരുന്നു വിദ്യാർഥി ഫീസടക്കാൻ എത്തിയിരുന്നത്.
ഇതോടെ അതുൽ ഝാർഖണ്ഡ് ഹൈകോടതിയെ സമീപിച്ചു. മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകാനായിരുന്നു ഝാർഖണ്ഡ് കോടതിയുടെ നിർദേശം. മദ്രാസ് ഹൈകോടതി കേസ് നൽകുന്നത് വൈകിയതോടെ ഹരജി പിൻവലിച്ച് അതുലിന്‍റെ അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢും ജസ്റ്റിസ് ജെ.ബി പാർദിവാലയും മനോജ് മിശ്രയും ഉൾപ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.