സ്കൂൾ വാർഷികാഘോഷത്തിനെത്തിയ ദലിത് യുവാവിനെ ജാതി അധിക്ഷേപം നടത്തി മർദിച്ചു -യുവാവിന് ഗുരുതര പരിക്ക്
text_fieldsതിരുപ്പൂർ: പഠിച്ച സ്കൂളിൽ വാർഷികാഘോഷത്തിൽ പങ്കെടുക്കാനത്തിയ ദലിത് യുവാവിനെ കൂട്ടം ചേർന്ന് ജാതി അധിക്ഷേപം നടത്തി മർദിച്ചു. 19 കാരനായ എസ്. ശ്യാം കുമാറിനെയാണ് സഹപാഠിയും ബന്ധുവും ചേർന്ന് മർദിച്ചത്.
തിരുപ്പൂരിനടുത്ത് അമരവതിപാളയത്ത് യുവാവ് എട്ടാം ക്ലാസ് വരെ പഠിച്ച സ്കൂളിന് സമീപത്താണ് മർദനമുണ്ടായത്. ഗുരുതര പരിക്കേറ്റ ശ്യാമിനെ തിരിപ്പൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്യാമിന്‍റെ സഹപാഠി കാർത്തിക് (25), ബന്ധു ബാലസുബ്രഹ്മണ്യം എന്നിവർക്കെതിരെ നല്ലൂർ പൊലീസ് കേസെടുത്തു. ഇരുവർക്കുമെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമവും ഇന്ത്യൻ ശിക്ഷാ നിയമവും പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം പകുതി ദിവസം അവധിയെടുത്താണ് സ്കൂളിൽ വാർഷികോത്സവത്തിൽ പങ്കെടുക്കാനെത്തിയത്. സ്കൂൾ പരിസരത്ത് തന്നെ കണ്ട ബാലസുബ്രഹ്മണ്യത്തിന്‍റെ ബന്ധു കാർത്തിക്, തന്‍റെ സാന്നിധ്യം ചോദ്യം ചെയ്തു. ആഘോഷത്തിൽ പങ്കെടുക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ജാതീയമായി അധിക്ഷേപിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ബാലസുബ്രഹ്മണ്യവുമായി വന്ന് ഇരുവരും നെഞ്ചിലും കഴുത്തിലും വയറ്റിലും ക്രൂരമായി ഇടിക്കുകയും ചവിട്ടുകയും ചെയ്തു. തിരിച്ചുപോകാൻ വിസമ്മതിച്ചപ്പോൾ നിന്‍റെ സമുദായത്തിൽപെട്ടവരാരും സ്കൂളിലോ പരിസരത്തോ വരാൻ പാടില്ലെന്ന് അവർ പറഞ്ഞു. സുഹൃത്തുക്കൾ വന്നാണ് രക്ഷിച്ചത്. ശ്യാം കൂട്ടിച്ചേർത്തു.
റിയൽ എസ്റ്റേറ്റ് പ്രമോഷൻ കമ്പനിയിലെ ജോലിക്കാരനാണ് ശ്യാം കുമാർ. ശ്യാമിന്‍റെ മാതാവ് ദിവസ വേതന ജീവനക്കാരിയും പിതാവ് കർഷകനുമാണ്. ഉടൻ അറസ്റ്റുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് തിരക്കുകൾ കാരണമാണ് അറസ്റ്റ് നീളുന്നതെന്നും നല്ലൂർ മേഖല അസിസ്റ്റന്‍റ് കമ്മീഷണർ കെ.നന്ദിനി അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.