യു.പിയിൽ ദലിതർക്ക് ക്ഷേത്രപ്രവേശനം തടഞ്ഞു; ഇസ്ലാം സ്വീകരിക്കുമെന്ന് ഭീഷണി
text_fieldsമീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇസ്ലാം സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കി ദലിത് സമൂഹം. മീററ്റിലെ പാഞ്ച്ഗൗൺ പാട്ടി ഗ്രാമത്തിലാണ് സംഭവം. ഏതാണ്ട് അമ്പതുവർഷം പഴക്കമുള്ള ക്ഷേത്രത്തിൽ ഞായറാഴ്ച പ്രാർഥനക്ക് എത്തിയ വാല്മീകി സമുദായത്തിൽപെട്ട സ്ത്രീകളെ പൂജാരി തടഞ്ഞിരുന്നു. ക്ഷേത്രത്തിൽ ദലിതർക്ക് പ്രാർഥിക്കാൻ അനുമതിയില്ലെന്നായിരുന്നു തടയാൻ പറഞ്ഞ കാരണം.
ഏതാനും മാസംമുമ്പ് പുതിയ പൂജാരി ക്ഷേത്രത്തിൽ എത്തിയശേഷമാണ് ദലിതർക്ക് പ്രവേശനം നിഷേധിച്ചതെന്ന് ഗ്രാമീണനായ സതീഷ് വാല്മീകി വ്യക്തമാക്കി. ദലിതർ ക്ഷേത്രത്തിനു സമീപമെത്തിയാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് പൂജാരി ഭീഷണിമുഴക്കുകയും ചെയ്തു. മാത്രവുമല്ല, ചില ദലിതർക്കെതിരെ ഭവൻപുർ പൊലീസ് സ്റ്റേഷനിൽ വ്യാജ പരാതിയും നൽകി. ഗ്രാമത്തിൽ നൂറിലധികം ദലിത് കുടുംബങ്ങളുണ്ട്.
വാല്മീകി സമുദായാംഗങ്ങൾ പൊലീസ് സൂപ്രണ്ട് രാജേഷ്കുമാർ പാണ്ഡേയെ കണ്ട് പരാതിപ്പെടുകയും ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചില്ലെങ്കിൽ ഇസ്ലാം സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇനിയും ക്ഷേത്രപ്രവേശനം തടഞ്ഞാൽ പൂജാരിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് സൂപ്രണ്ട് അവർക്ക് ഉറപ്പുനൽകി.
ക്ഷേത്രപ്രവേശനം ഉറപ്പാക്കാൻ ഏതാനും പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, യോഗി ആദിത്യനാഥ് നേതൃത്വംനൽകുന്ന ബി.ജെ.പി സർക്കാർ ദലിതരുടെ അടിസ്ഥാന അവകാശങ്ങൾ ഹനിക്കുകയാണെന്ന് ദലിത് മനുഷ്യാവകാശ പ്രവർത്തകനും റിട്ട. െഎ.പി.എസ് ഒാഫിസറുമായ എസ്.ആർ. ദരാപുരി ആരോപിച്ചു.
കഴിഞ്ഞദിവസം ഹമിർപുരിലെ റാത്ത് പ്രദേശത്തെ ക്ഷേത്രത്തിൽ ബി.ജെ.പിയുടെ ദലിത് വനിതാ എം.എൽ.എ മനിഷ അനുരാഗി ദർശനം നടത്തിയതിെൻറ പേരിൽ ഗംഗാജലം തളിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.