മൈസൂരുവിൽ പൊതുവഴി ഉപയോഗിച്ച ദലിത് യുവാവിന് ക്രൂരമർദനം
text_fieldsമൈസൂരു: പൊതുവഴി ഉപയോഗിച്ച ദലിത് യുവാവിന് ക്രൂര മർദനം. മൈസൂരു ജില്ലയിലെ അന്നൂർ-ഹൊസഹള്ളി ഗ്രാമത്തിൽ കഴിഞ്ഞദിവസമാണ് സംഭവം. കർണാടകയിലെ പ്രബല സമുദായമായ ലിംഗായത്തിനാണ് ഗ്രാമത്തിൽ ഭൂരിപക്ഷം. മൂന്നുപേരെ അറസ്റ്റ് ചെയ്തു. മറ്റു 11 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പട്ടികജാതി വിഭാഗക്കാരനായ മഹേഷിനാണ് മർദനമേറ്റത്. ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപത്തെ റോഡിലൂടെ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ, ലിംഗായത്ത് സമുദായക്കാരായ ഒരു സംഘം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ക്ഷേത്ര നിർമാണത്തിനു പിന്നാലെയാണ് ഗ്രാമത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് മഹേഷ് പറയുന്നു.
ഗ്രാമത്തിൽ ലിംഗായത്ത്, ആദി കർണാടക സമുദായങ്ങൾ സംയുക്തമായാണ് മഹാദേവ ക്ഷേത്രം പണിതത്. ക്ഷേത്രത്തിനുള്ള പണം ശേഖരിച്ചതും നിർമിച്ചതും ഇരുസമുദായങ്ങളും ഒരുമിച്ചായിരുന്നു.
എന്നാൽ, ക്ഷേത്ര നിർമാണം പൂർത്തിയായതോടെ ലിംഗായത്ത് വിഭാഗം തങ്ങളെ ക്ഷേത്രത്തിൽ കയറാൻ അനുവദിച്ചില്ല. ഇത് ചോദ്യം ചെയ്തപ്പോഴെല്ലാം സംഘർഷത്തിനിടയാക്കി. നിലവിൽ ക്ഷേത്രത്തിനു സമീപത്തെ റോഡ് പോലും തങ്ങൾക്ക് ഉപയോഗിക്കാനാകുന്നില്ലെന്നും മഹേഷ് പറയുന്നു. പട്ടികവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാനായി ഗ്രാമത്തിൽ പൊലീസ് സുരക്ഷയും ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.