മധ്യപ്രദേശിൽ ദലിത് യുവാവിനെ തല്ലിക്കൊന്നു; അമ്മയെ തുണിയുരിഞ്ഞ് മർദിച്ചു
text_fieldsഭോപാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ദലിത് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. യുവാവിന്റെ അമ്മയെ വസ്ത്രമുരിഞ്ഞ് മർദിച്ച് അവശയാക്കി. ലാലു എന്ന നിതിൻ അഹിർവാർ (20) ആണ് മരിച്ചത്.
ബറോഡിയ നൗംഗർ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം. ക്രൂരമർദനമേറ്റ് ആശുപത്രിയിലായിരുന്ന യുവാവ് പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തിൽ ഒമ്പതു പേരെ അറസ്റ്റ് ചെയ്തതായി സാഗർ ജില്ല പൊലീസ് അറിയിച്ചു. കൂടുതൽ പ്രതികൾക്കായി തിരച്ചിൽ തുടങ്ങി.
കൊലപാതകം, ലൈംഗികാതിക്രമം, സ്വമേധയാ മുറിവേൽപിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ ദലിതർക്കെതിരെ അക്രമം വ്യാപകമാകുകയാണെന്ന് പ്രതിപക്ഷപാർട്ടികളായ കോൺഗ്രസും ബി.എസ്.പിയും ആരോപിച്ചു. സംസ്ഥാന മന്ത്രി ഭൂപേന്ദ്ര സിങ്ങിന്റെ ഖുറൈ നിയമസഭ മണ്ഡലത്തിലാണ് കൊലപാതകം നടന്ന ഗ്രാമം.
മുഖ്യപ്രതി വിക്രം സിങ്ങിന്റെ (28) നേതൃത്വത്തിലുള്ള ഒരു സംഘം വ്യാഴാഴ്ച രാത്രി നിതിൻ അഹിർവാറിന്റെ വീട്ടിലെത്തുകയായിരുന്നു. നാലു വർഷം മുമ്പ് അഹിർവാറിന്റെ സഹോദരിയെ വിക്രം ലൈംഗികമായി പീഡിപ്പിച്ചതിന് കേസുണ്ടായിരുന്നു. ഈ കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്താനാണ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. ആവശ്യം നിതിൻ നിരസിച്ചതോടെ വടികളുപയോഗിച്ച് ക്രൂരമർദനമുണ്ടായി. തടയാൻ ചെന്ന അമ്മയെ വസ്ത്രമുരിഞ്ഞ് മർദിച്ചു. ഗുരുതരമായി പരിക്കേറ്റ ദലിത് യുവാവിനെ പ്രാഥമിക ശുശ്രൂഷക്കുശേഷം ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ ബന്ധുക്കൾ മൃതദേഹം സംസ്കരിക്കാൻ തയാറായില്ല. അറസ്റ്റ് ചെയ്യുമെന്നും സർക്കാർ സഹായം ഉറപ്പാക്കുമെന്നും ജില്ല കലക്ടർ അറിയിച്ചശേഷമാണ് ബന്ധുക്കൾ അയഞ്ഞത്.
ദലിതർക്കെതിരായ ക്രൂരതയുടെ പരീക്ഷണശാലയായി ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ് മാറിയതായി എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. സംസ്ഥാനത്ത് ദലിതുകൾക്കെതിരെ തുടർച്ചയായുണ്ടാകുന്ന അടിച്ചമർത്തലുകളെയും അനീതികളെയുംകുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നുപോലുമില്ലെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയാണ് മധ്യപ്രദേശിലെ ദലിത് പീഡനം. ‘സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പിൽ സമൂഹത്തിലെ നിരാലംബരും ചൂഷണം ചെയ്യപ്പെടുന്നവരുമായ വിഭാഗങ്ങളുടെ വേദനക്ക് ബി.ജെ.പി ഉത്തരം പറയേണ്ടിവരുമെന്നും ഖാർഗെ പറഞ്ഞു. ദലിത് യുവാവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂണിൽ സാഗർ ജില്ലയിൽ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിച്ച വീടുകളടക്കം ദലിത് കുടുംബങ്ങളുടെ നിരവധി വീടുകൾ തകർത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സാഗർ സന്ദർശിക്കുകയും സന്ത് രവിദാസ് ക്ഷേത്രത്തിന്റെ തറക്കല്ലിടുകയും ചെയ്തതിന് പിന്നാലെയാണ് ദലിത് പീഡനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.