ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദലിത് യുവാവിന് 11,000 രൂപ പിഴ; പൂജാരി ഉൾപ്പെടെ എട്ടുപേര്‍ക്കെതിരെ കേസ്
text_fieldsബംഗളൂരു: വടക്കന്‍ കര്‍ണാടകത്തിലെ കൊപ്പാളില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദലിത് യുവാവില്‍നിന്ന് അന്നദാനം നടത്താന്‍ 11,000 രൂപ ഈടാക്കിയ സംഭവത്തില്‍ പൂജാരിയും ക്ഷേത്ര ഭാരവാഹികളും ഉൾപ്പെടെ എട്ടുപേര്‍ക്കെതിരെ കരട്ടാഗി പൊലീസ് കേസെടുത്തു.
ക്ഷേത്ര കമ്മിറ്റി അംഗവും പൂജാരിയുമായ ബസവരാജ് ബദിഗെര്‍, കമ്മിറ്റി ഭാരവാഹികളായ രേവണയ്യസ്വാമി ഗളിമത്, ശേഖരപ്പ, ശരണപ്പ ഗുഞ്ചല്ലി, പ്രശാന്ത് തമ്മന്നവാര്‍, ബസവരാജ് തലവര്‍, ദുര്‍ഗേഷ്, കഡപ്പ നായക് എന്നിവര്‍ക്കെതിരെയാണ് കേസ്. പട്ടിക ജാതി - പട്ടിക വർഗ വിഭാഗത്തിനെതിരായ അതിക്രമം തടയൽ നിയമ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. ഇതിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്.
കൊപ്പാള്‍ ജില്ലയിലെ കരട്ടാഗി ഗ്രാമത്തിലെ ലക്ഷ്മി ദേവി ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാണ് മാരെപ്പ എന്ന പട്ടികജാതി വിഭാഗക്കാരനായ യുവാവില്‍നിന്ന് 11,000 രൂപ ഈടാക്കി അന്നദാനം നടത്തിയത്. 11 ദിവസം മുമ്പ് നടന്ന സംഭവം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തറിഞ്ഞത്. മാസങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിൽ മോഷണം നടന്നതിനാൽ പൂജാരിക്കല്ലാതെ മറ്റാർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതിയില്ലായിരുന്നു.
എന്നാൽ, വഴിപാട് നേർന്നിരുന്നതിനാൽ മാരെപ്പ സെപ്റ്റംബർ 14ന് ക്ഷേത്രത്തിൽ പ്രവേശിക്കുകയായിരുന്നു. അതേസമയം, 11,000 രൂപ പിഴ അല്ലെന്നും യുവാവിെൻറ സംഭാവനയാണെന്നുമാണ് ക്ഷേത്രം പൂജാരിയുടെ വിശദീകരണം. അടുത്തിടെ കൊപ്പാള്‍ മിയപുരം ഗ്രാമത്തില്‍ രണ്ട് വയസ്സുകാരന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് അധികൃതര്‍ രക്ഷിതാക്കള്‍ക്ക് 23,000 രൂപ പിഴ ഇട്ടിരുന്നു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.