മോദിയുടെ 'രാമരാജ്യ'ത്തിൽ ദലിതർക്കും പിന്നാക്ക വിഭാഗത്തിനും ജോലി ലഭിക്കില്ല: രാഹുൽ ഗാന്ധി
text_fieldsകാൺപൂർ: ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന ദളിതർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും മോദിയുടെ 'രാമരാജ്യ'ത്തിൽ അവരോട് വിവേചനം കാണിക്കുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
"ഇത് എന്ത് തരത്തിലുള്ള രാമരാജ്യമാണ്. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം പിന്നാക്ക വിഭാഗക്കാരാണ്. 15 ശതമാനം ദളിതർ. 8 ശതമാനം ആദിവാസികൾ. 15 ശതമാനം ന്യൂനപക്ഷങ്ങൾ. എത്ര നിലവിളിച്ചാലും ഈ രാജ്യത്ത് നിങ്ങൾക്ക് തൊഴിൽ ലഭിക്കില്ല. നിങ്ങൾ പിന്നാക്ക, ദലിത്, ആദിവാസി, ദരിദ്ര ജനറൽ വിഭാഗത്തിൽ പെട്ടവരാണെങ്കിൽ നിങ്ങൾക്ക് ജോലി ലഭിക്കില്ല, നിങ്ങൾക്ക് ജോലി ലഭിക്കണമെന്ന് നരേന്ദ്ര മോദി ആഗ്രഹിക്കുന്നില്ല”- രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്ത് ആളുകൾ പട്ടിണി മൂലം മരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരും ദളിതരും ആദിവാസികളുമായ എത്ര പേർ ഉണ്ടായിരുന്നെന്നും അദ്ദേഹം ചോദിച്ചു. ഗോത്രവർഗത്തിൽ നിന്നുള്ള രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും ദലിത് വിഭാഗത്തിൽ നിന്നുള്ള മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും അകത്തേക്ക് കയറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ പാർട്ടിയും സഖ്യവും മുന്നോട്ട് വെക്കുന്ന ജാതി സെൻസസിനെ കുറിച്ചും രാഹുൽ ഗാന്ധി സംസാരിച്ചു. ഇന്ത്യയുടെ പുരോഗതിയുടെ ഏറ്റവും വിപ്ലവകരമായ ചുവടുവെപ്പാണ് ജാതി സെൻസസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്‍റെ മുഴുവൻ സമ്പത്തും രണ്ടോ മൂന്നോ ശതമാനം ആളുകളുടെ കൈകളിലാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.