ഉദുമൽപേട്ടിലെ ഗ്രാമങ്ങളിൽ ദലിതർ ചെരിപ്പിടുന്നതിന് സവർണരുടെ വിലക്ക്; ചായക്കടകളിലും അയിത്തം
text_fieldsചെന്നൈ: തമിഴ്നാട് തിരുപ്പൂർ ജില്ലയിലെ ഉദുമൽപേട്ടിലെ ഗ്രാമത്തിൽ ദലിതർ ചെരിപ്പ് ധരിക്കുന്നതിന് സവർണരുടെ വിലക്ക്. മാടത്തുക്കുളം ടൗണിനോട് ചേർന്ന രജവൂർ, മൈവാടി ഗ്രാമങ്ങളിലാണ് ദലിതർക്ക് ചെരിപ്പിടാൻ കാലങ്ങളായി വിലക്കുള്ളത്. ഇവിടെ ഹോട്ടലുകളിൽ ദലിതർക്ക് ഭക്ഷണ അയിത്തവുമുണ്ട്. പരാതിയുയർന്നതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
രജവൂർ, മൈവാടി ഗ്രാമങ്ങളിൽ കാലങ്ങളായി ദലിതർക്ക് നേരെ വിവേചനങ്ങൾ നിലനിൽക്കുകയാണെന്ന് ഗ്രാമവാസികൾ പറയുന്നു. ഈ ഗ്രാമങ്ങളിലേക്ക് ദലിതർ ചെരിപ്പിട്ട് പ്രവേശിക്കരുതെന്നാണ് സവർണർ കാലങ്ങളായി നടപ്പാക്കുന്ന അലിഖിത നിയമം. ഇവിടുത്തെ സവർണരുടെ ചായക്കടകളിൽ സവർണർക്ക് ചില്ലു ഗ്ലാസിലും ദലിതർക്ക് പേപ്പർ ഗ്ലാസിലുമാണ് ചായ നൽകാറ്. ജാതിവിവേചനം കുറ്റകൃത്യമാക്കിയിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഈ ഗ്രാമങ്ങളിൽ വിവേചനം തുടരുകയാണ്.
ജാതിവിവേചനത്തിനെതിരെ മുമ്പ് പ്രതികരിച്ചവരെയെല്ലാം സവർണർ ഭീഷണിപ്പെടുത്തി ഒതുക്കിയെന്ന് ഗ്രാമീണർ പറയുന്നു. ദ്രാവിഡർ വിടുതലൈ കഴകം, തമിഴ് പുലികൾ കക്ഷി എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഈ മാസമാദ്യം രജവൂർ, മൈവാടി ഗ്രാമങ്ങൾ സന്ദർശിച്ച് വിവേചനം നേരിട്ട് മനസ്സിലാക്കിയിരുന്നു. തുടർന്ന് ഇവർ ഇടപെട്ട് പൊലീസിൽ പരാതി നൽകി. തുടർന്നാണ് സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. ദലിതരെയും സവർണരെയും വിളിച്ചുചേർത്ത് സർവകക്ഷി യോഗം ചേരാൻ ഉദുൽപേട്ട റവന്യൂ ഓഫിസർ ഉത്തരവിട്ടിട്ടുണ്ട്.
പട്ടികജാതിക്കാരായ അരുന്ധതിയാർ വിഭാഗക്കാരാണ് മാടത്തുകുളം മേഖലയിൽ ഭൂരിപക്ഷവും. രജവൂർ, മൈവാടി ഗ്രാമങ്ങളിൽ കൃഷിപ്പണി ചെയ്താണ് ഇവർ കഴിയുന്നത്. എന്നാൽ, ഈ ഗ്രാമങ്ങളിലേക്ക് ചെരിപ്പിട്ടുകൊണ്ട് പ്രവേശിക്കാൻ അനുവാദമില്ലെന്ന് പ്രദേശത്തുകാരനായ എം. നാഗരാജൻ പറയുന്നു.
നേരിടുന്ന അയിത്തത്തെ കുറിച്ച് സംസാരിക്കാൻ പോലും ഗ്രാമീണർ തയാറല്ലായിരുന്നെന്ന് അയിത്തോച്ഛാടന മുന്നണി ജില്ല സെക്രട്ടറി എം. കനഗരാജ് പറഞ്ഞു. അവരുടെ വിശ്വാസം നേടിയെടുത്ത ശേഷമാണ് തുറന്നുപറയാൻ തയാറായത്. തുടർന്ന് ഉദുമൽപേട്ട് ഡി.എസ്.പിക്ക് പരാതി നൽകുകയായിരുന്നു.
പരാതി ഗൗരവമുള്ളതാണെന്ന് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു. പൊലീസ് സംഘം ഗ്രാമങ്ങളിൽ ചെന്ന് അന്വേഷണം നടത്തും. ദലിത് വിഭാഗക്കാർക്കും സവർണ വിഭാഗക്കാർക്കും കത്ത് നൽകി സമാധാന യോഗം വിളിക്കാൻ റവന്യൂ ഓഫിസർക്ക് നിർദേശം നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.