ദലിതരെ ജീവനോടെ കത്തിച്ച കേസ്: 20 പേരെ വിട്ടയച്ചത് ഹൈകോടതി റദ്ദാക്കി
text_fieldsന്യൂഡൽഹി: ഹരിയാനയിലെ ഹിസാർ ജില്ലയിൽ ദലിതനായ വയോധികനെയും അംഗപരിമിതയായ മകളെയും ജീവനോടെ കത്തിച്ച കേസിൽ 20 പ്രതികളെ വിട്ടയച്ച വിചാരണ കോടതി ഉത്തരവ് ഡൽഹി ഹൈകോടതി റദ്ദാക്കി. 13 പേരുടെ ശിക്ഷ ശരിവെച്ച ഹൈകോടതി ചിലരുടെ ശിക്ഷ വർധിപ്പിച്ചു. ശിക്ഷിച്ച 33 പേരിൽ 12 പേരുടെ ശിക്ഷ ജീവപര്യന്തമാക്കി. 2010 ഏപ്രിലിൽ മിർച്ച്പുർ ഗ്രാമത്തിലാണ് ജാട്ട് വിഭാഗത്തിൽപെട്ടവർ 60കാരനായ പിതാവിനെയും മകളെയും കൊലപ്പെടുത്തുകയും ദലിതരുടെ വീടുകൾ അക്രമിക്കുകയും ചെയ്തത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരമാണ് 12 പേരുടെ ശിക്ഷ ജീവപര്യന്തമാക്കിയത്.
സ്വാതന്ത്ര്യം ലഭിച്ച് 71 വർഷം കഴിഞ്ഞിട്ടും രാജ്യത്ത് ദലിതർക്കെതിരായ അതിക്രമം കുറഞ്ഞിട്ടില്ലെന്ന് ജസ്റ്റിസുമാരായ എസ്. മുരളീധർ, െഎ.എസ്. മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടന അവതരിച്ചപ്പോൾ ബി.ആർ. അംബേദ്കർ സമത്വവും സാഹോദര്യവുമാണ് ഉയർത്തിപ്പിടിച്ചതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ, ഇവ സമൂഹത്തിൽനിന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. വാല്മീകി സമുദായത്തിൽപെട്ടവരുടെ വീടുകൾ ജാട്ട് വിഭാഗത്തിലുള്ള പ്രതികൾ ലക്ഷ്യംവെക്കുകയായിരുന്നെന്ന് കോടതി വ്യക്തമാക്കി.
ശിക്ഷക്കെതിരെ 13 പേരും ശിക്ഷ വർധിപ്പിക്കണമെന്നും വിട്ടയച്ച പ്രതികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അതിക്രമത്തിന് ഇരയായവരും പൊലീസുമാണ് ഹൈകോടതിയെ സമീപിച്ചത്. പിഴത്തുക ഇരകളെ പുനരധിവസിപ്പിക്കാൻ വിനിയോഗിക്കണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.