ഗൽവാനിൽ ഡാം നിർമാണമോ? മിണ്ടാതെ ചൈന
text_fieldsബെയ്ജിങ്: കിഴക്കൻ ലഡാക്കിലെ ഗൽവാൻ തടാകത്തിെൻറ ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ ഡാം നിർമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാതെ ചൈന. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഇക്കാര്യം അറിയില്ലെന്ന് പറഞ്ഞാണ് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലീജിയൻ ഒഴിഞ്ഞു മാറിയത്. ചൈന ഗൽവാനിൽ ഡാം നിർമിക്കുന്നത് ജൂൺ 16ന് പകർത്തിയ സാറ്റലൈറ്റ് ചിത്രത്തിലുണ്ടല്ലോ, ഇത് ഇന്ത്യയുമായുള്ള കരാറിെൻറ ലംഘനമല്ലേ എന്നായിരുന്നു മാധ്യമപ്രവർത്തകർ ചോദിച്ചത്. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
ഇന്ത്യൻ സൈനികരെ ഇരുമ്പു ദണ്ഡും ആണിതറച്ച വടികളുമായി ചൈനീസ് സൈന്യം ആക്രമിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴും തുടർച്ചയായ രണ്ടാം ദിവസവും ചൈനീസ് വിദേശകാര്യ വക്താവ് മറുപടി പറഞ്ഞില്ല. ചൈനീസ് സേനക്ക് ആളപായമുണ്ടായോ എന്ന ചോദ്യത്തിൽനിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. യഥാർഥ നിയന്ത്രണ രേഖയിൽ (എൽ.എ.സി) ചൈനീസ് സൈന്യത്തിെൻറ നിർമാണം തകർക്കാൻ കേണൽ സന്തോഷ് ബാബുവും മറ്റ് സൈനികരും എത്തിയപ്പോഴുണ്ടായ വാക് തർക്കത്തെ തുടർന്നാണ് ചൈനീസ് സൈനികർ അവരെ നേരിട്ടതെന്ന ആരോപണമുണ്ടല്ലോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സംഭവത്തിൽ ഇന്ത്യൻ സൈന്യത്തെ കുറ്റപ്പെടുത്തുന്നത് അദ്ദേഹം ആവർത്തിച്ചു. ഇക്കാര്യത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ല. ചൈന ഇത് വിശദീകരിച്ചിട്ടുണ്ട്. അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ടെലിഫോൺ സംഭാഷണത്തിൽ തീരുമാനിച്ചതായും ചൈനീസ് വക്താവ് കൂട്ടിച്ചേർത്തു.
ഗൽവാൻ താഴ്വരയുടെ പരമാധികാരം തങ്ങൾക്കാണെന്ന ചൈനയുടെ അവകാശവാദത്തെ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ചൈനയുടെ വാദം അതിശയോക്തി നിറഞ്ഞതും ന്യായീകരണമില്ലാത്തതും ജൂൺ ആറിന് നടന്ന ഉന്നതതല സൈനിക ചർച്ചയിലെ ധാരണക്ക് എതിരാണെന്നുമാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഗൽവാൻ താഴ്വര രാജ്യത്തിെൻറ ഭാഗമാണെന്നായിരുന്നു െചെനീസ് വിദേശകാര്യ വകുപ്പും സൈന്യവും ഇൗയടുത്തും വ്യക്തമാക്കിയത്.
ഇന്ത്യ, ചൈന, റഷ്യ യോഗത്തിൽ മാറ്റമില്ല
ന്യൂഡൽഹി: ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാർ ഈ മാസം 23ന് നടത്താൻ നിശ്ചയിച്ച ത്രികക്ഷി യോഗത്തിൽ ഇന്ത്യ പങ്കെടുക്കും. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യ ഈ യോഗത്തിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുമെന്ന ഊഹാപോഹങ്ങൾക്കിടെ, വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് വിഡിയോ കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്നത്. കോവിഡ് സാഹചര്യങ്ങളും ആഗോള വെല്ലുവിളികളും മുൻനിർത്തിയാണ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.