ഡാം സുരക്ഷ ബില്ലിന് ലോക്സഭയുടെ അംഗീകാരം
text_fieldsന്യൂഡൽഹി: രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷാപരമായ പരിശോധന, പരിപാലനം എന്നിവക്ക് മേൽനോട്ടം വഹിക്കാൻ ദേശീയ അതോറിട്ടി രൂപവത്കരിക്കുന്നത് അടക്കം വിവിധ ക്രമീകരണങ്ങൾ വ്യവസ്ഥ ചെയ്യുന്ന ഡാം സുരക്ഷ ബിൽ ലോക്സഭ പാസാക്കി. സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ കേന്ദ്രം കടന്നുകയറുകയാണെന്ന പ്രതിപക്ഷ വിമർശനങ്ങൾ തള്ളിയാണ് ജലശക്തി മന്ത്രി ഗജേന്ദ്രസിങ് ശെഖാവത് അവതരിപ്പിച്ച ബിൽ അംഗീകരിച്ചത്. ഒരു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതും മറ്റൊരു സംസ്ഥാനത്തിന് ഉടമസ്ഥാവകാശം ഉളളതുമായി ഡാമുകളുടെ നിയന്ത്രണം ഡാം സുരക്ഷ ദേശീയ കമ്മിറ്റിക്കാണ്. ഇതടക്കമുള്ള വ്യവസ്ഥകളെ മുല്ലപ്പെരിയാർ വിഷയത്തിെൻറ പശ്ചാത്തലം മുൻനിർത്തി തമിഴ്നാട് എതിർത്തു.
ബില്ലിലെ വ്യവസ്ഥ പ്രകാരം കേന്ദ്ര ജല കമീഷൻ ചെയർമാൻ അധ്യക്ഷനായി ഡാം സുരക്ഷക്ക് ദേശീയ സമിതി രൂപവത്കരിക്കും. കേന്ദ്രസർക്കാറിെൻറ 10ഉം സംസ്ഥാന സർക്കാറുകളുടെ ഏഴും അംഗങ്ങൾ സമിതിയിൽ ഉണ്ടാവും. പുറമെ മൂന്നു ഡാം സുരക്ഷ വിദഗ്ധരും ഇതിൽ അംഗങ്ങളാണ്. എല്ലാ അംഗങ്ങളെയും കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്യും. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട നയം രൂപപ്പെടുത്തുകയാണ് ദൗത്യം.
അഡീഷനൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ദേശീയ ഡാം സുരക്ഷ അതോറിറ്റി രൂപവത്കരിക്കും. ദേശീയ സമിതി രൂപപ്പെടുത്തുന്ന നയം നടപ്പാക്കുന്ന ചുമതലയാണ് അതോറിറ്റിക്ക്. ഡാം പരിശോധനക്ക് ആവശ്യമായ ചട്ടങ്ങൾ അതോറിറ്റി നിർദേശിക്കും. അണക്കെട്ടു നിർമാണ മേഖലയിലെ ഏജൻസികൾക്ക് അതോറിറ്റിയാണ് അംഗീകാരം നൽകുക.
സംസ്ഥാന സർക്കാറുകൾ ഡാം സുരക്ഷ സ്ഥാപനങ്ങൾ രൂപവത്കരിക്കും. സംസ്ഥാനത്തെ എല്ലാ ഡാമുകളുടെയും മേൽനോട്ടം ഇൗ സ്ഥാപനത്തിനാണ്. ദേശീയ അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കും. സംസ്ഥാനതലത്തിലും ഡാം സുരക്ഷ കമ്മിറ്റി രൂപവത്കരിക്കും.
മഴക്കാലം, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ ഡാമുകളിൽ സുരക്ഷ പരിശോധന നിർബന്ധമാണ്. ഡാം സുരക്ഷ പ്രവർത്തനവുമായി ബന്ധപ്പെട്ടവരെ കൃത്യനിർവഹണത്തിൽ തടസ്സപ്പെടുത്തിയാൽ ഒരുവർഷം വരെ തടവും പിഴയും ശിക്ഷ വിധിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.
നിയമ നിർമാണത്തിന് ഭരണഘടനാപരമായ പരിമിതികള്‍ ഉണ്ടെങ്കിലും ബില്ലിെൻറ ഉള്ളടക്കത്തെ സ്വാഗതം ചെയ്യുന്നതായി എന്‍.കെ. പ്രേമചന്ദ്രന് പറഞ്ഞു. ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട് നിർമിച്ച 100 വര്‍ഷം പഴക്കമുള്ള ഡാമുകളുടെ സുരക്ഷ പ്രത്യേക പരിേശാധനക്ക് വിധേയമാക്കണമെന്ന് ചര്‍ച്ചയില്‍ പ്രേമചന്ദ്രന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.