മുഖം രക്ഷിക്കാൻ കലണ്ടറിൽ താജ് മഹൽ ഉൾപ്പെടുത്തി യു.പി സർക്കാർ
text_fieldsലഖ്നൊ: താജ്മഹലിനെതിരായ നേതാക്കളുടെ പ്രസ്താവന വിവാദമായതിനെ തുടർന്ന് മുഖം രക്ഷിക്കാൻ താജ്മഹൽ ഉൾപ്പെടുത്തി പുതിയ കലണ്ടർ പുറത്തിറക്കി യു.പി സർക്കാർ. പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കിയ പൈതൃക കലണ്ടറിലാണ് താജ്മഹലിനെ ഉൾപെടുത്തിയത്. ചിത്രത്തോടൊപ്പം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫോട്ടോയും ചേർത്തിട്ടുണ്ട്.
ഇത് കൂടാതെ ഗൊരഖ്പൂരിലെ ഗൊരഖ്നാഥ് ക്ഷേത്രവും കലണ്ടറിൽ ഉൾപെടുത്തിയിട്ടുണ്ട്. ബനാറസിലെ കാശി വിശ്വനാഥ് ക്ഷേത്രം, ഝാൻസി കോട്ട, സർനാത് തുടങ്ങിയ സുപ്രധാന സ്ഥലങ്ങളും കലണ്ടറിലുണ്ട്.
ബി.ജെ.പി എം.എൽ.എ സംഗീത് സോമാണ് താജ്മഹലിനെതിരായ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇന്ത്യൻ സംസ്കാരത്തിനേറ്റ കളങ്കമാണ് താജ്മഹെലന്നാണ് സംഗീത് സോം പറഞ്ഞത്. പ്രസ്താവന അന്തർദേശീയ തലത്തിലടക്കം ചർച്ചയായി. കൂടാതെ യോഗി ആദ്യത്യനാഥ് മന്ത്രിസഭ അധികാരമേറ്റ് ആറുമാസത്തിനുള്ളിൽ പുറത്തിറക്കിയ ടൂറിസം കൈപുസ്തകത്തിൽ താജ്മഹലിനെ ഉൾപെടുത്താത്തതും വിവാദമായിരുന്നു. ഇതിൽ നിന്ന് മുഖം രക്ഷിക്കുന്നതിനായാണ് കലണ്ടറിൽ താജിനെ ഉൾപെടുത്തി സർക്കാർ തന്നെ രംഗത്തെത്തിയത്. അതിനിടെ ഈ മാസം 26ന് താജ് സന്ദർശിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.