യു.ജി.സിയുടെ കാവി ടൂൾ കിറ്റ്
text_fieldsഒരു തലമുറയെ ആകെ വളഞ്ഞുപിടിക്കാവുന്ന ഏറ്റവും മികച്ച ‘ടൂൾ’ ആണ് വിദ്യാഭ്യാസം. നിയമങ്ങളും ചട്ടങ്ങളും പാഠ്യപദ്ധതിയും ഇഷ്ടപ്രകാരം മാറ്റിയെഴുതി വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ മേഖലയെയും അതുവഴി തങ്ങൾക്കനുകൂലമായ സമൂഹത്തെയും സൃഷ്ടിച്ച ഭരണകൂടാനുഭവങ്ങൾ ചരിത്രത്തിൽ ഏറെയാണ്. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് സംഘ്പരിവാർ നിയന്ത്രിക്കുന്ന, ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിന്റെ സംഭാവനയായി യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) ഈയിടെ പുറപ്പെടുവിച്ച കരടു റെഗുലേഷൻ.
സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫിന്റെയും നിയമനം/ സ്ഥാനക്കയറ്റത്തിനുള്ള ചുരുങ്ങിയ യോഗ്യതയും ഉന്നത വിദ്യാഭ്യാസ നിലവാരവും സംബന്ധിച്ച് പുറപ്പെടുവിച്ച റെഗുലേഷൻ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തുടർച്ചയായാണ് യു.ജി.സി ചെയർമാൻ ഡോ. ജഗദീഷ് കുമാർ ഇത് വിശദീകരിക്കുന്നത്. എന്നാൽ സർവകലാശാലകളുടെ സമ്പൂർണ നിയന്ത്രണം കൈപ്പിടിയിലൊതുക്കലാണ് ലക്ഷ്യമെന്ന് എതിർപ്പുയർന്നിരിക്കുകയാണ്.
ഫെബ്രുവരി അഞ്ചുവരെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാനായി പുറത്തുവിട്ട റെഗുലേഷൻ, കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തന്നെ നിലവിൽ വരുമെന്ന് ബി.ജെ.പി ഇതര സംസ്ഥാന സർക്കാറുകൾ ആശങ്ക ഉയർത്തിയിരിക്കുന്നു. കേരളമാകട്ടെ, ഈ എതിർശബ്ദങ്ങൾക്ക് കൂട്ടായ രൂപം നൽകി ദേശീയതലത്തിൽ പ്രതിരോധമുയർത്താൻ ശ്രമം ആരംഭിച്ചുകഴിഞ്ഞു. യു.ജി.സി റെഗുലേഷൻ ഉന്നത വിദ്യാഭ്യാസത്തെയും അതുവഴി ഒരു തലമുറയെയും ഏത് രൂപത്തിൽ മാറ്റം വരുത്തുമെന്ന പരിശോധന അനിവാര്യമാകുന്ന സന്ദർഭം കൂടിയാണിത്.
വിദ്യാഭ്യാസം ആരുടെ വിഷയം?
ഭരണഘടന നിലവിൽവന്നപ്പോൾ ഉന്നത വിദ്യാഭ്യാസം ഉള്പ്പെടെയുള്ള വിദ്യാഭ്യാസം ഏഴാം ഷെഡ്യൂളിലെ ലിസ്റ്റ്-രണ്ടിൽ (സ്റ്റേറ്റ് ലിസ്റ്റ്) ആയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് (1975-77) കൊണ്ടുവന്ന 42ാം ഭരണഘടന ഭേദഗതിയിലൂടെ വിദ്യാഭ്യാസം ഭരണഘടനയുടെ കണ്കറന്റ് ലിസ്റ്റില് (കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമാണത്തിന് അവകാശമുള്ള വിഷയങ്ങളുടെ പട്ടിക) ഉള്പ്പെടുത്തി. 1978 ലെ 44-ാം ഭരണഘടന ഭേദഗതിയിലൂടെ, വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലേക്ക് തിരികെ കൊണ്ടുവരാനുള്ള നിർദേശം രാജ്യസഭയില് പാസാകാത്തതിനാല് നടപ്പായില്ല.
ഇതോടെ കേന്ദ്രം നിയമം കൊണ്ടുവരുന്ന വിദ്യാഭ്യാസ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് നിയമനിർമാണം സാധ്യമാകാത്ത സാഹചര്യമായി. സംസ്ഥാനവും കേന്ദ്രവും നടത്തുന്ന നിയമനിർമാണങ്ങളിൽ വൈരുധ്യമുണ്ടെങ്കിൽ കേന്ദ്രനിയമം ആയിരിക്കും നിലനിൽക്കുകയെന്ന് ഭരണഘടന വ്യവസ്ഥകൾ പ്രകാരം സുപ്രീംകോടതിയും പലതവണ വ്യക്തമാക്കി. ഇതോടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ തുകയുടെ 75 ശതമാനവും മുടക്കുന്ന സംസ്ഥാനങ്ങൾക്ക് നിയമനിർമാണത്തിനുള്ള അധികാരം പരിമിതവുമായി.
ആക്ടും റെഗുലേഷനും ഏറ്റുമുട്ടുമ്പോൾ
പാർലമെന്റോ നിയമസഭകളോ പാസാക്കുന്ന നിയമങ്ങളാണ് ആക്ട്. ഈ നിയമങ്ങളാൽ സ്ഥാപിതമാകുന്ന സ്റ്റാറ്റ്യൂട്ടറി സംവിധാനങ്ങൾക്ക് ആ സ്ഥാപനത്തിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ ചട്ടങ്ങൾ (റൂൾസ് ആൻഡ് റെഗുലേഷൻസ്) പുറപ്പെടുവിക്കാം. കേന്ദ്രനിയമത്തിലൂടെ വന്ന യു.ജി.സി ഉൾപ്പെടെയുള്ള സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ ഈ രൂപത്തിൽ പുറപ്പെടുവിക്കുന്ന ചട്ടങ്ങൾ (റെഗുലേഷൻ) സംസ്ഥാന നിയമസഭകൾ പാസാക്കിയ നിയമങ്ങളുമായി ഏറ്റുമുട്ടാറുണ്ട്.
കേന്ദ്ര സ്ഥാപനങ്ങളുടെ റെഗുലേഷനുകൾ ആയിരിക്കും നിലനിൽക്കുകയെന്നാണ് സുപ്രീംകോടതിയുടെ സമീപകാല വിധികൾ. കേരളത്തിൽ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ ഡോ. എം.എസ്. രാജശ്രീയെ സർവകലാശാല ആക്ട് പ്രകാരം വൈസ് ചാൻസലറായി നിയമിച്ചത് സുപ്രീംകോടതി അസാധുവാക്കിയത് നിയമനം യു.ജി.സി റെഗുലേഷന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു.
ചാൻസലർ സർവാധികാരി
വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കം സെലക്ഷൻ കമ്മിറ്റി ഘടനയിൽ മാറ്റം വരുത്തിയാണ് ഗവർണറെ സർവാധികാരിയാക്കുന്നത്. വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപവത്കരണാധികാരം സംബന്ധിച്ച് നിലവിലുള്ള റെഗുലേഷൻ (2018) മൗനം പാലിക്കുകയായിരുന്നെങ്കിൽ, കരട് റെഗുലേഷനിൽ അത് ചാൻസലറായ ഗവർണറിൽ മാത്രം നിക്ഷിപ്തമാക്കി.
കേരളത്തിൽ സെർച് കമ്മിറ്റി പ്രതിനിധികളുടെ നോമിനേഷൻ പൂർത്തിയായാൽ കമ്മിറ്റി രൂപവത്കരിച്ചുള്ള വിജ്ഞാപനം ഉന്നത വിദ്യാഭ്യാസ വകുപ്പായിരുന്നു പുറപ്പെടുവിച്ചിരുന്നത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി വന്നതോടെ സ്വന്തം നിലക്ക് സെർച് കമ്മിറ്റി രൂപവത്കരിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം സർക്കാർ ഹരജിയിൽ ഹൈകോടതി സ്റ്റേ ചെയ്യുകയായിരുന്നു. കരട് റെഗുലേഷൻ പ്രാബല്യത്തിൽ വന്നാൽ സെർച് കമ്മിറ്റി രൂപവത്കരണം ഗവർണറുടെ മാത്രം അധികാരമായി മാറും.
നിയമനിർമാണത്തെ അസാധുവാക്കുന്നു
വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ ആരെല്ലാം അംഗങ്ങളായിരിക്കണമെന്ന് വ്യക്തമായി പറയുന്നത് ബന്ധപ്പെട്ട സർവകലാശാല നിയമങ്ങളിലാണ്. 2018ലെ യു.ജി.സി റെഗുലേഷൻ പ്രകാരം സെർച് കമ്മിറ്റിയിൽ യു.ജി.സി ചെയർമാന്റെ പ്രതിനിധി ഉണ്ടായിരിക്കണമെന്ന് മാത്രമാണ് വ്യവസ്ഥ. ഇത് മാറ്റി സെർച് കമ്മിറ്റിയിൽ മൂന്ന് അംഗങ്ങൾ മാത്രമേ പാടുള്ളൂവെന്ന് കരട് റെഗുലേഷൻ പറയുന്നു. യു.ജി.സി ചെയർമാന്റെ പ്രതിനിധി, ചാൻസലറുടെ (കേന്ദ്ര സർവകലാശാലകളിൽ വിസിറ്ററുടെ) പ്രതിനിധി, ബന്ധപ്പെട്ട സർവകലാശാലയുടെ പ്രതിനിധി എന്നിവരായിരിക്കണം അംഗങ്ങൾ എന്നാണ് റെഗുലേഷൻ വ്യവസ്ഥ.
ഇതിൽനിന്ന് വ്യത്യസ്തമായ വെവ്വേറെ ഘടനയാണ് സർവകലാശാലകളുടെ നിയമത്തിലുള്ളത്. റെഗുലേഷൻ വ്യവസ്ഥകൾ നിലവിൽവരുന്നതോടെ സർവകലാശാല നിയമത്തിലെ സെർച് കമ്മിറ്റി ഘടന അസാധുവാകും. മൂന്നിൽ രണ്ട് പ്രതിനിധികളും (യു.ജി.സി ചെയർമാന്റെയും ചാൻസലറുടെയും) കേന്ദ്രസർക്കാറിന്റെ താൽപര്യത്തിൽ നിയമിക്കുന്നതോടെ വി.സി നിയമനത്തിലും ആ താൽപര്യം തന്നെയായിരിക്കും കരട് റെഗുലേഷൻ നിലവിൽ വന്നാൽ നടപ്പാവുക.
സർവകലാശാലകളിൽ ഇടപെടാൻ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഞ്ഞുശ്രമിച്ചപ്പോൾ കേരള നിയമസഭ രണ്ട് ബില്ലുകൾ പാസാക്കിയിരുന്നു. വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയുടെ ഘടനയിൽ മാറ്റം വരുത്തുന്ന ബില്ലും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്ന മറ്റൊരു ബില്ലുമാണ് സഭ പാസാക്കിയത്. ബില്ലുകൾ ഗവർണർ ഒപ്പിടാത്ത കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്. വി.സി നിയമനത്തിന് അഞ്ചംഗ സെർച് കമ്മിറ്റിക്ക് വ്യവസ്ഥ ചെയ്യുന്നതാണ് ഒരു ബിൽ. സെർച് കമ്മിറ്റിക്ക് യു.ജി.സി റെഗുലേഷൻതന്നെ ഘടന നിശ്ചയിക്കുന്നതോടെ അഞ്ചംഗസമിതി വ്യവസ്ഥയോടെ സംസ്ഥാനം നടത്തിയ നിയമനിർമാണം അസാധുവായി മാറും.
ഇഷ്ടക്കാരെ വി.സി പദവിയിലിരുത്താം
നിലവിലെ വ്യവസ്ഥ പ്രകാരം സർവകലാശാലതലത്തിൽ പത്ത് വർഷത്തിൽ കുറയാത്ത പ്രഫസറായോ പ്രസിദ്ധമായ അക്കാദമിക/ ഗവേഷണ സ്ഥാപനത്തിൽ പത്ത് വർഷത്തിൽ അക്കാദമിക നേതൃപദവി വഹിച്ചവരെയോ ആയിരിക്കണം വി.സി പദവിയിലേക്ക് പരിഗണിക്കേണ്ടത്. എന്നാൽ, ഇതിന് പുറമെ വ്യവസായം, പൊതുഭരണം, പൊതുനയം, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മികച്ച ട്രാക്ക് റെക്കോഡുള്ളവരെയും പരിഗണിക്കാമെന്ന് കരട് പറയുന്നു. ഇത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനിൽപ് തന്നെ ചോദ്യം ചെയ്യുന്നതാണ്. യു.ജി.സി റെഗുലേഷൻ പ്രകാരം സർവകലാശാലകളുടെ അധ്യാപക നിയമനത്തിൽ ഉൾപ്പെടെ അനിയന്ത്രിത അധികാരമുള്ള വി.സി പദവിയിൽ കേന്ദ്രത്തിന്റെ ഇഷ്ടക്കാരൻ വരുന്നതോടെ സർവകലാശാല സംവിധാനം കാവിവത്കരിക്കപ്പെടുന്ന കാലം വിദൂരമാകില്ല.
അധ്യാപക നിയമനത്തിൽ ഇടപെടുമ്പോൾ
നിലവിൽ സർക്കാർ, എയ്ഡഡ് കോളജുകളിലെ അധ്യാപക/ പ്രിൻസിപ്പൽ നിയമനത്തിൽ വൈസ് ചാൻസലർമാർക്ക് ഇടപെടാനുള്ള അവസരമില്ല. എന്നാൽ കരട് റെഗുലേഷൻ പ്രകാരം, നിയമനത്തിനായി രൂപവത്കരിക്കുന്ന സെലക്ഷൻ കമ്മിറ്റിയിൽ ബന്ധപ്പെട്ട സർവകലാശാല വി.സി ശിപാർശ ചെയ്യുന്ന പാനലിൽ നിന്നുള്ള മൂന്ന് വിഷയ വിദഗ്ധർ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് സർക്കാർ കോളജുകളിലെ അസിസ്റ്റൻറ് പ്രഫസർ തസ്തികയിലേക്ക് പി.എസ്.സി വഴി നടത്തുന്ന നിയമനങ്ങളിൽവരെ ഇടപെടാൻ വൈസ് ചാൻസലർമാർക്ക് വഴിതുറന്നുകൊടുക്കും.
സർവകലാശാലകളിൽ അസിസ്റ്റൻറ് പ്രഫസർ/ അസോസിയേറ്റ് പ്രഫസർ/ പ്രഫസർ തസ്തികകളിലേക്കും അസിസ്റ്റൻറ് ലൈബ്രേറിയൻ, ഡെപ്യൂട്ടി ലൈബ്രേറിയൻ, ലൈബ്രേറിയൻ, ഫിസിക്കൽ എജുക്കേഷൻ അസിസ്റ്റൻറ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, ഡയറക്ടർ തസ്തികകളിലെ നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധി ഉണ്ടായിരിക്കണമെന്നും കരട് വ്യവസ്ഥ ചെയ്യുന്നു. ഇതുവഴി നിയമനങ്ങളിൽ ഗവർണർക്ക് നേരിട്ട് ഇടപെടാൻ വഴി വരുന്നു. സർവകലാശാലകളിൽ ഈ തസ്തികകളിലെ നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റികളെല്ലാം വി.സിയുടെ അധ്യക്ഷതയിലായിരിക്കണം. ഫലത്തിൽ വി.സിക്കും ഗവർണർക്കും ചേർന്ന് സർവകലാശാലകളിലെ ഉന്നത തസ്തികകളിലെ നിയമനം ഇഷ്ടപ്രകാരം നടത്താൻ സാധിക്കും.
പണംമുടക്കാൻ സംസ്ഥാനങ്ങൾ; വിളവെടുക്കാൻ സംഘ്പരിവാർ
സംസ്ഥാന സർവകലാശാലകൾക്കാവശ്യമായ പണത്തിന്റെ ഏറിയ പങ്കും വഹിക്കുന്നത് സംസ്ഥാന സർക്കാറുകളാണ്. എന്നാൽ, അവയുടെ പ്രവർത്തനത്തിൽനിന്ന് സംസ്ഥാന സർക്കാറിനെ പൂർണമായും മാറ്റിനിർത്തി സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിന്റെയും രാജ്ഭവന്റെയും മറപറ്റി വിളവെടുക്കാനുള്ള പുതിയ തന്ത്രമാണ് യു.ജി.സിയെ കരുവാക്കി കേന്ദ്രം നടപ്പാക്കുന്നത്. കോളജുകളിൽ യു.ജി.സിയുടെ ഏഴാം ശമ്പള പരിഷ്കരണം നടപ്പാക്കുമ്പോൾ വരുന്ന അധിക സാമ്പത്തിക ബാധ്യതയുടെ 50 ശതമാനമായി അനുവദിക്കേണ്ട 750 കോടി രൂപ കേന്ദ്രം കേരളത്തിന് നിഷേധിച്ചത് ഏറെ ചർച്ചയായിരുന്നു.
കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്രവിഹിതം ക്രമേണ വെട്ടിക്കുറച്ച് സംസ്ഥാനങ്ങളുടെ മേൽ അധിക സാമ്പത്തിക ബാധ്യത കെട്ടിവെക്കുന്ന പ്രവണത തുടങ്ങിയിട്ടും കാലമേറെയായി. ന്യൂനപക്ഷ, പിന്നാക്ക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ ഫെലോഷിപ്പുകളും സ്കോളർഷിപ്പുകളും സ്ഥാപനങ്ങൾക്കുള്ള ഗ്രാൻറുകളും വെട്ടിക്കുറച്ചും നിർത്തലാക്കിയും ഫണ്ടിങിൽനിന്ന് യു.ജി.സി ഉൾപ്പെടെയുള്ള കേന്ദ്രസ്ഥാപനങ്ങൾ പിൻവലിയുകയാണ്. ഇത് രാജ്യത്ത് ഗവേഷകരുടെ എണ്ണത്തിൽതന്നെ കുറവുവരുത്താൻ വഴിവെച്ചിരുന്നു. 2023-24ൽ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരുന്ന പത്ത് സർവകലാശാലകൾക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 1822.35 കോടി രൂപയാണ്. സംസ്ഥാനങ്ങൾക്കുമേൽ സാമ്പത്തിക ബാധ്യതകൂട്ടി നൽകി യു.ജി.സി റെഗുലേഷനിലൂടെയും രാജ്ഭവന്റെ മറപറ്റിയും സർവകലാശാലകളിലെ അധികാരം കൈപ്പിടിയിലാക്കാനുള്ള തന്ത്രമാണ് കേന്ദ്രസർക്കാറും സംഘ്പരിവാറും നടത്തുന്നതെന്ന് വ്യക്തം.
യു.ജി.സി എന്നാൽ?
1956ൽ പാർലമെൻറ് പാസാക്കിയ ആക്ടിലൂടെ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ സ്റ്റാറ്റ്യൂട്ടറി അധികാരത്തോടെ നിലവിൽവന്ന സ്ഥാപനമാണ് യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി). ഡോ. എസ്. രാധാകൃഷ്ണൻ അധ്യക്ഷനായ യൂനിവേഴ്സിറ്റി എജുക്കേഷൻ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ആശയം. അന്നത്തെ വിദ്യാഭ്യാസമന്ത്രി മൗലാന അബുൽ കലാം ആസാദ് 1953 ഡിസംബർ 28ന് യു.ജി.സി സംവിധാനം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഏകോപനം, നിർണയാധികാരം, നിലവാരം എന്നിവയുടെ ചുമതലയോടെ സ്ഥാപിതമായ യു.ജി.സി ഇന്ന് രാജ്യത്തെ സർവകലാശാലകളുടെയെല്ലാം ‘അപ്പക്സ്’ സംവിധാനമാണ്. പരിധിയിൽ വരുന്ന വിഷയങ്ങളിൽ ആവശ്യമായ റെഗുലേഷനുകൾ (ചട്ടങ്ങൾ) പുറപ്പെടുവിക്കാനുള്ള അധികാരം, 1956ലെ യു.ജി.സി ആക്ടിലൂടെ യു.ജി.സിക്കുണ്ട്. ഈ അധികാരം ഉപയോഗിച്ചുള്ള കരട് റെഗുലേഷനാണ് ഇപ്പോൾ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുന്ന രീതിയിലേക്ക് മാറിയത്.
അധ്യാപന മേഖലയിൽ ഉയർത്തുന്ന ഭീഷണികൾ
കോളജുകളിലും സർവകലാശാലകളിലും വിവിധ തസ്തികകളിലേക്കുള്ള ചുരുങ്ങിയ നിയമനയോഗ്യത നിശ്ചയിക്കുന്നത് യു.ജി.സിയാണ്. അക്കാദമിക മികവിനും മെറിറ്റിനും ഉയർന്ന പ്രാമുഖ്യം നൽകുന്ന രീതിയിലാണ് ഇത്തരം റെഗുലേഷനുകൾ രൂപപ്പെടുത്തിയിരുന്നത്. അതുവഴി മികവുള്ളവരെ ഒരു പരിധിവരെയെങ്കിലും സർവകലാശാലകളിലും കോളജുകളിലും അധ്യാപക തസ്തികകളിൽ ഉറപ്പാക്കാൻ സാധിച്ചിരുന്നു. ഇതിൽനിന്നുള്ള വ്യതിയാനമാണ് 2018 മുതലുള്ള യു.ജി.സി റെഗുലേഷനിൽ കണ്ടുതുടങ്ങിയത്. അതിനെയും മറികടക്കുന്ന രീതിയിൽ മികവിന്റെ മാനദണ്ഡങ്ങളിൽ വെള്ളം ചേർക്കുന്ന രീതിയിലാണ് 2025ലെ കരട് റെഗുലേഷൻ പുറത്തുവന്നിരിക്കുന്നത്.
യു.ജി.സി കരട് റെഗുലേഷൻ ഉയർത്തുന്ന ഭീഷണികൾ
സർവകലാശാല വൈസ് ചാൻസലർ നിയമനത്തിലും അധ്യാപക നിയമന യോഗ്യതയിലും നിലവിലുള്ള ചട്ടങ്ങളിൽ ഗൂഢോദ്ദേശ്യത്തോടെയുള്ള മാറ്റങ്ങളാണ് കരട് ചട്ടത്തിൽ നിർദേശിക്കുന്നത്. വി.സി നിയമനം നിയന്ത്രണത്തിലാക്കിയാൽ സർവകലാശാല സംവിധാനം ഒന്നടങ്കം കൈപ്പിടിയിലൊതുക്കാമെന്ന തന്ത്രമാണിതിന് പിന്നിൽ. ഒട്ടുമിക്ക സംസ്ഥാന സർവകലാശാലകളിലും (സ്റ്റേറ്റ് യൂനിവേഴ്സിറ്റി) അന്തിമ അധികാര കേന്ദ്രമായ ചാൻസലർ പദവി ഗവർണറിലാണ് നിക്ഷിപ്തമാക്കിയിരിക്കുന്നത്.
സർവകലാശാലകൾ സർക്കാർ വകുപ്പുകളാകാതെ സ്വയംഭരണ സ്ഥാപനങ്ങളായി നിലനിൽക്കണമെന്ന വിശാല കാഴ്ചപ്പാടിലാണ്, ഓരോ സർവകലാശാലകളും രൂപവത്കരിച്ച് നിയമസഭകൾ പാസാക്കുന്ന ബില്ലിൽ ബന്ധപ്പെട്ട ഗവർണർമാരെ ചാൻസലർ പദവിയിൽ ഇരുത്തുന്നത്. സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഓഫിസറായി വൈസ് ചാൻസലർ പ്രവർത്തിക്കുമ്പോൾ, ചാൻസലർ പദവി ‘ആലങ്കാരികം’ മാത്രമായിരുന്നു. എന്നാൽ, ചാൻസലറെ സർവകലാശാലകളുടെയാകെ സർവാധികാരിയാക്കുന്ന രീതിയിൽ മുഴുവൻ സംസ്ഥാനങ്ങളിലെയും ഉന്നതവിദ്യാഭ്യാസ മേഖലയെ കേന്ദ്രസർക്കാർ താൽപര്യത്തിൽ നിയമിക്കുന്ന ഗവർണർമാർക്ക് കീഴിലാക്കാനുള്ള പദ്ധതിയാണ് യു.ജി.സിയുടെ 2025ലെ കരട് റെഗുലേഷൻ. ഉയർന്ന അക്കാദമിക യോഗ്യതയില്ലാത്ത ഇഷ്ടക്കാരായ ആരെയും വൈസ് ചാൻസലർ പദവിയിൽ ഇരുത്താൻ കേന്ദ്രസർക്കാറിന് വഴിതുറന്നിടുന്നത് കൂടിയാണ് റെഗുലേഷൻ.
അറിവില്ലാത്ത വിഷയത്തിലും അധ്യാപകനാകാം
നിലവിലുള്ള റെഗുലേഷൻ പ്രകാരം കോളജ് അധ്യാപക നിയമനത്തിന് ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ പി.ജിയും ബന്ധപ്പെട്ട വിഷയമേഖലയിൽ യു.ജി.സി/ സി.എസ്.ഐ.ആർ നടത്തുന്ന നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്)/ ജൂനിയർ റിസർച്ച് ഫെലോഷിപ്പും (ജെ.ആർ.എഫ്) നേടിയിരിക്കണം. നെറ്റ് പരീക്ഷ നടക്കാത്ത വിഷയങ്ങളിൽ ഇതിന് ഇളവുണ്ട്. ബന്ധപ്പെട്ട വിഷയമേഖലയിലെ പിഎച്ച്.ഡി ബിരുദം നെറ്റിന് പകരമായും പരിഗണിക്കും. എന്നാൽ, കരട് റെഗുലേഷൻ പ്രകാരം ബിരുദ, ബിരുദാനന്തര തലത്തിൽ പഠിച്ച വിഷയത്തിൽനിന്ന് വ്യത്യസ്തമായ വിഷയത്തിൽ നെറ്റ് യോഗ്യത നേടിയവർക്ക്, നെറ്റുള്ള വിഷയത്തിൽ അസിസ്റ്റൻറ് പ്രഫസറായി നിയമനത്തിന് അർഹതയുണ്ടായിരിക്കും.
അതായത്, വിഷയത്തിൽ ആഴത്തിലുള്ള അറിവില്ലാത്തവർക്കുപോലും നെറ്റ് യോഗ്യതയുടെ ബലത്തിൽ കോളജ് അധ്യാപകനാകാൻ സാധിക്കുമെന്ന് ചുരുക്കം.
ബിരുദ, പി.ജി വിഷയത്തിൽനിന്ന് വ്യത്യസ്ത വിഷയത്തിലാണ് പിഎച്ച്.ഡി പൂർത്തിയാക്കിയതെങ്കിൽ പിഎച്ച്.ഡി പൂർത്തിയാക്കിയ വിഷയത്തിൽ അസിസ്റ്റൻറ്/അസോസിയറ്റ് പ്രഫസർ/ പ്രഫസർ തസ്തികകളിൽ നിയമനത്തിന് യോഗ്യതയുണ്ടായിരിക്കുമെന്നും കരട് റെഗുലേഷൻ വ്യവസ്ഥ ചെയ്യുന്നു. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നെറ്റ്/ പിഎച്ച്.ഡി പ്രവേശന പരീക്ഷകൾ നടത്തുന്നത് മുമ്പുണ്ടായിരുന്ന വിവരണാത്മക രീതി ഒഴിവാക്കി ഒബ്ജക്ടീവ് മാതൃകയിലുമാണ്. വിഷയത്തിൽ ആഴത്തിലുള്ള അറിവില്ലാത്തവർ ക്ലാസ് റൂമുകളിലെത്തുന്നതോടെ ജഞാനോൽപാദനം എന്ന പരമപ്രധാനമായ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യംതന്നെ കൂമ്പടയും.
ഭീഷണി മുഴക്കുന്ന റെഗുലേഷൻ
മുൻകാല റെഗുലേഷനുകളിൽനിന്ന് വ്യത്യസ്തമായി കരട് റെഗുലേഷനിൽ സർവകലാശാലകളെയും അതുവഴി സംസ്ഥാനങ്ങളെയും ഭീഷണിപ്പെടുത്താനും ഒരുപേജ് മാറ്റിവെച്ചിട്ടുണ്ട്. റെഗുലേഷൻ ലംഘിച്ചാൽ സർവകലാശാലകളുടെ ബിരുദം നൽകാനുള്ള അധികാരം തടയും, യു.ജി.സി പദ്ധതികളിൽനിന്ന് വിലക്കും, വിദൂര, ഓൺലൈൻ കോഴ്സുകൾ നടത്തുന്നത് തടയും, യു.ജി.സി ആക്ട് പ്രകാരമുള്ള 2(f), 12(B) സ്ഥാപനങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കും എന്നിവയാണ് കരട് റെഗുലേഷനിലെ ഭീഷണികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.