‘മുന്നിലുള്ളത് രണ്ടുവഴികൾ’; സസ്പെൻഷനിലായ ബി.എസ്.പി എം.പി ഡാനിഷ് അലി ഭാരത് ജോഡോ ന്യായ് യാത്രയിൽ
text_fieldsഇംഫാൽ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിൽ സംബന്ധിക്കാൻ സസ്പെൻഷനിലായ ബി.എസ്.പി എം.പി ഡാനിഷ് അലിയെത്തി. ഐക്യത്തിനും നീതിക്കുംവേണ്ടിയുള്ള ഏറ്റവും വലിയ മുന്നേറ്റത്തിനൊപ്പം ചേർന്നില്ലെങ്കിൽ രാഷ്ട്രീയക്കാരനും സാമൂഹിക പ്രവർത്തകനുമെന്ന നിലയിൽ പരാജയമാകുമെന്ന് തിരിച്ചറിഞ്ഞാണ് ചടങ്ങിനെത്തിയതെന്ന് ഡാനിഷ് അലി പ്രതികരിച്ചു.
‘പാർശ്വവത്കരിക്കപ്പെട്ടവർക്കും ചൂഷണം ചെയ്യപ്പെടുന്നവർക്കും നീതി ലഭ്യമാക്കുക എന്നതാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഈ യാത്രയുടെ ലക്ഷ്യം. ഭിന്നിപ്പിക്കുന്ന ശക്തികൾക്കെതിരെ ഒന്നിച്ചുനിൽക്കാനുള്ള ആഹ്വാനമാണ് ഈ യാത്ര. ഭയം, വെറുപ്പ്, ചൂഷണം, ഭിന്നിപ്പിക്കൽ എന്നിവയ്‌ക്കെതിരെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനുള്ള പരിശ്രമമാണ് ഈ യാത്ര. ഐക്യത്തിനും നീതിക്കും വേണ്ടിയുള്ള ഏറ്റവും വലിയ മുന്നേറ്റത്തിൽ ചേർന്നില്ലെങ്കിൽ രാഷ്ട്രീയക്കാരനും സാമൂഹിക പ്രവർത്തകമെന്ന നിലയിലുള്ള കർത്തവ്യത്തിൽ ഞാൻ പരാജയപ്പെടുമെന്ന് തോന്നിയതിനാലാണ് ഈ യാത്രയിൽ അദ്ദേഹത്തോടൊപ്പം ചേരാൻ തീരുമാനിച്ചത്. . ഈ യാത്രയുടെ വിജയത്തിനും എന്റെ രാജ്യത്തിന്റെ ഭാവിക്കും വേണ്ടി പ്രാർഥിക്കുന്നു’ -ഡാനിഷ് അലി വ്യക്തമാക്കി.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് മുദ്രകുത്തി കഴിഞ്ഞ മാസമാണ് ഡാനിഷ് അലിയെ ബി.എസ്.പി സസ്പെൻഡ് ചെയ്തത്. തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്രയെ പാർലമെന്റിൽനിന്ന് പുറത്താക്കാനുള്ള നീക്കത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ചതിന്റെ പേരിലായിരുന്നു സസ്പെൻഷൻ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എച്ച്.ഡി. ദേവഗൗഡയുടെ ജനതാദൾ എസിൽനിന്ന് രാജിവെച്ചാണ് അലി ബി.എസ്.പിയിൽ ചേർന്നത്. പിന്നാലെ ഉത്തർ പ്രദേശിലെ അംറോഹയിൽനിന്ന് ബി.എസ്.പി ടിക്കറ്റിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
പാർലമെന്റിൽ വംശീയാധിക്ഷേപത്തിന് വിധേയനായതിലൂടെയാണ് സമീപകാലത്ത് ഡാനിഷ് അലി വാർത്തകളിൽ നിറഞ്ഞത്. ചന്ദ്രയാൻ 3ന്റെ വിജയവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 21ന് പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെയാണ് ബി.ജെ.പി എം.പി രമേശ് ബിധുരി ഡാനിഷ് അലിക്കെതിരെ ഗുരുതരമായ വംശീയാധിക്ഷേപം നടത്തിയത്. ഡാനിഷ് അലിക്കെതിരായ വംശീയാധിക്ഷേപത്തിൽ ലോക്സഭ പ്രിവിലേജസ് കമ്മിറ്റി യോഗത്തിൽ രമേശ് ബിധുരി ഖേദപ്രകടനം നടത്തിയതൊഴിച്ചാൽ, അയാൾക്കെതിരെ കാര്യമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
‘ഇന്ന് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട നിമിഷമാണിത്. ഒരുപാട് ആത്മപരിശോധനക്കൊടുവിലാണ് ഞാൻ ഇവിടെ എത്തിയിട്ടുള്ളത്’ -ഡാനിഷ് അലി പ്രതികരിച്ചു.
രാജ്യത്തെ അന്തരീക്ഷം പരിഗണിക്കുമ്പോൾ രണ്ടു വഴികളാണ് നമുക്കുമുന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ‘ദളിതുകൾ, പിന്നാക്കക്കാർ, ഗോത്രവർഗക്കാർ, ന്യൂനപക്ഷങ്ങൾ, അരികുവത്കരിക്കപ്പെട്ട മറ്റു പാവപ്പെട്ടവർ തുടങ്ങിയവരോടുള്ള ചൂഷണവും വിവേചനവുമെല്ലാം കണ്ടില്ലെന്നു നടിച്ച്, നിലവിലെ അവസ്ഥ അംഗീകരിച്ച് മുന്നോട്ടുപോവുകയെന്നതാണ് ഒരുവഴി. അതല്ലെങ്കിൽ, ഭയം, വെറുപ്പ്, ചൂഷണം, രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള കുത്സിത ശ്രമങ്ങൾ എന്നിവക്കെതിരെ തുറന്ന പ്രചാരണവും പ്രതിരോധവും തീർക്കാം.
എന്റെ ബോധ്യം രണ്ടാമത്തെ വഴി തെരഞ്ഞെടുക്കാനാണ് പ്രേരിപ്പിക്കുന്നത്. ഈ തീരുമാനം സ്വമേധയാ എന്നിൽ എത്തിച്ചേർന്നതാണ്. കാരണം, പാർലമെന്റിൽ അതുപോലുള്ള ഒരു ആക്രമണം നേരിട്ടയാളാണ് ഞാൻ. അത്രയും മോശം വാക്കുകൾ ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ അംഗം എനിക്കും എന്റെ മതത്തിനും എതിരായി ഉപയോഗിച്ചു.’ -ഡാനിഷ് അലി പറഞ്ഞു.
പാർലമെന്റിൽ എന്നെ അധിക്ഷേപിച്ച അംഗത്തിനെതിരെ നടപടിയെടുക്കണമെന്ന നിരന്തരമായ ആവശ്യം ബധിരകർണങ്ങളിലാണ് പതിച്ചത്. അക്രമകാരിയെ ശിക്ഷിക്കുന്നതിനു പകരം ഭരണവർഗം അയാൾക്ക് അംഗീകാരങ്ങൾ നൽകുകയാണ് ചെയ്തത്. രാജ്യത്ത് വെറുപ്പും ഭയവും സൃഷ്ടിക്കാനുള്ള നിഗൂഢ പദ്ധതിയുടെ ഭാഗമായിരുന്നു എനിക്കെതിരായ വംശീയ ആക്രമണമെന്നും ഞാൻ തിരിച്ചറിയുന്നു. ആ തകർന്ന നിമിഷങ്ങളിൽ തന്നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ആദ്യത്തെ നേതാവ് രാഹുൽ ഗാന്ധിയായിരുന്നുവെന്നും ഡാനിഷ് അലി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.