തെരഞ്ഞെടുപ്പ് ചുമതല നൽകിയത് വിദ്വേഷം പ്രചരിപ്പിച്ചതിനുള്ള പ്രതിഫലം; ബി.ജെ.പിക്കെതിരെ ഡാനിഷ് അലി
text_fieldsന്യൂഡൽഹി: ബി.ജെ.പി എം.പി രമേശ് ബിധുരിക്ക് തെരഞ്ഞെടുപ്പ് ചുമതല നൽകിയത് വിദ്വേഷം പ്രചരിപ്പിച്ചതിനുള്ള പ്രതിഫലമെന്ന് ബി.എസ്.പി എം.പി ഡാനിഷ് അലി. ബിധുരിക്കെതിരെ ലോക്സഭ സ്പീക്കർ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ പാർട്ടിയുടെ ശരിയായ സ്വഭാവം മനസിലായെന്നും ഡാനിഷ് അലി പറഞ്ഞു.
ബി.ജെ.പി കുറച്ച് മാന്യത പാലിക്കേണ്ടതുണ്ട്. ഭരിക്കുന്ന പാർട്ടിയെന്ന നിലക്ക് ജനങ്ങൾ പാർട്ടിയിൽ വിശ്വാസവും പ്രതീക്ഷയുമർപ്പിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പാർട്ടി എന്ന് വീമ്പുപറയുന്നവരിൽ കുറച്ച് നീതി ജനങ്ങൾ പ്രതീക്ഷിക്കും. നിങ്ങൾ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ബിധുരി അതിനോട് പ്രതികരിച്ചിട്ടുണ്ടെങ്കിൽ പാർട്ടി അത് പരസ്യമാക്കുക. അല്ലെങ്കിൽ നിങ്ങൾ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതിനെ അംഗീകരിക്കുന്നു എന്ന് വ്യക്തമാക്കുകയെന്നും ഡാനിഷ് അലി കൂട്ടിച്ചേർത്തു.
ബി.ജെ.പി എം.പി രമേശ് ബിധുരിക്ക് തെരഞ്ഞെടുപ്പ് ചുമതല നൽകിയതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു, രാജസ്ഥാനിലെ തോങ്ക് ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലയാണ് ബിധൂരിക്ക് നൽകിയിരിക്കുന്നത്. ലോക്സഭയിൽ ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ വിമർശനങ്ങൾ നിലനിൽക്കെയാണിത്.എല്ലാവർക്കുമൊപ്പം എന്ന് പറയുന്ന ബി.ജെ.പിയുടെ അസംബന്ധം ഇതൊക്കെയാണ് എന്നായിരുന്നു വാർത്ത പങ്കുവെച്ച് കൊണ്ട് കോൺഗ്രസ് ജനറല്ഡ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചത്. "എല്ലാവർക്കുമൊപ്പം, എല്ലാവരുടേയും ക്ഷേമം, എല്ലാവരുടേയും വിശ്വാസം എന്ന് പറയുന്ന പാർട്ടി ചെയ്യുന്ന അസംബന്ധം" - ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.
ഷോകോസ് കാലയളവിലുള്ള വ്യക്തിക്ക് പുതിയ ചുമതല നൽകുന്നത് എങ്ങനെയാണെന്നും ഇതാണോ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള മോദിയുടെ സ്നേഹയാത്രയെന്നുമായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയിത്രയുടെ പ്രതികരണം.
ഗുർജാർ വിഭാഗക്കാർ കൂടുതലായുള്ള തോങ്ക് ജില്ലയിലെ നാല് അസംബ്ലി സീറ്റുകളിലും ഇത് വിഭാഗക്കാരനായ ബിധുരിയുടെ നേതൃത്വത്തിൽ വോട്ട് കൂടുതൽ നേടാനാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.