പാർലമെന്റ് സമിതി നടപടികളിൽ പൊരുത്തക്കേട്; സ്പീക്കറെ സമീപിച്ച് ഡാനിഷ് അലി
text_fieldsന്യൂഡൽഹി: പാർലമെന്റ് സമിതികളുടെ നടപടികളിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി തിരുത്തൽനടപടിക്ക് ബി.എസ്.പി എം.പി ഡാനിഷ് അലി ലോക്സഭ സ്പീക്കർ ഓം ബിർളയെ സമീപിച്ചു. സ്പീക്കർക്ക് നൽകിയ പരാതികളിൽ രണ്ടു സമിതികൾ പരസ്പരവിരുദ്ധമായ നിലയിലാണ് തുടർനടപടി സ്വീകരിച്ചതെന്ന് ഡാനിഷ് അലി ചൂണ്ടിക്കാട്ടി.
ലോക്സഭയിൽ ബി.ജെ.പി അംഗം രമേഷ് ബിധുരി അധിക്ഷേപിച്ചപ്പോൾ ഡാനിഷ് അലി സ്പീക്കർക്ക് അവകാശലംഘന പരാതി നൽകിയിരുന്നു. ഇത് പരിഗണിച്ച പ്രിവിലേജസ് കമ്മിറ്റി, പരാതിക്കാരനായ തന്നെ കേൾക്കാൻ തയാറായിട്ടില്ല. ചട്ടപ്രകാരം പരാതിക്കാരന് പറയാനുള്ളത് സമിതി ആദ്യം കേൾക്കണം. എന്നാൽ, അധിക്ഷേപം നടത്തിയ എം.പിയെയാണ് ആദ്യം വിളിച്ചിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്ര ചോദ്യമുന്നയിക്കാൻ കോഴ വാങ്ങിയെന്ന് ബി.ജെ.പി അംഗം നിഷികാന്ത് ദുബെ സ്പീക്കർക്ക് പരാതി നൽകിയപ്പോൾ, ആ പരാതി പരിഗണിക്കുന്ന എത്തിക്സ് കമ്മിറ്റി പരാതിക്കാരനെയാണ് ആദ്യം കേൾക്കാൻ വിളിച്ചതെന്ന് ഡാനിഷ് അലി ചൂണ്ടിക്കാട്ടി. അതാണ് ശരിയായ നടപടി. എന്നാൽ, ഈ വിഷയത്തിൽ വ്യവസായി ദർശൻ ഹിരാനന്ദാനി നൽകിയ സത്യവാങ്മൂലത്തെക്കുറിച്ച് എത്തിക്സ് കമ്മിറ്റി ചെയർമാൻ മാധ്യമങ്ങളോട് സംസാരിച്ചത് ചട്ടവിരുദ്ധമാണെന്നും ഡാനിഷ് അലി പറഞ്ഞു.
ഇതിനിടെ, ചോദ്യക്കോഴ പരാതി ഉന്നയിച്ച നിഷികാന്ത് ദുബെ തൃണമൂൽ അംഗം മഹുവ മൊയ്ത്രക്കെതിരെ പുതിയ പരാതി ഉയർത്തി. മഹുവ ഇന്ത്യയിലായിരിക്കെ, ലോക്സഭ വെബ്സൈറ്റിൽ പ്രവേശിക്കാൻ എം.പിമാർക്കുള്ള ലോഗിൻ ഐ.ഡി ദുബൈയിൽനിന്ന് ഉപയോഗിച്ചുവെന്നാണ് പരാതി. ഇത് സുരക്ഷാലംഘനമാണെന്നും അന്വേഷണ ഏജൻസികളെ ഇക്കാര്യം നാഷനൽ ഇൻഫോമാറ്റിക്സ് സെന്റർ അറിയിച്ചിട്ടുണ്ടെന്നും നിഷികാന്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.