ജാമിഅയുടെ മടിത്തട്ടിൽ ദാനിഷിന് അന്ത്യനിദ്ര
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്താനിൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പുലിറ്റ്സർ ജേതാവായ ഫോട്ടോ ജേണലിസ്റ്റ് ദാനിഷ് സിദ്ദീഖിക്ക് ജാമിഅയുടെ മടിത്തട്ടിൽതന്നെ അന്ത്യനിദ്ര.
ഞായറാഴ്ച രാത്രി എട്ടരക്ക് ഗഫാർ മൻസിലിൽ എത്തിച്ച ദാനിഷിെൻറ മയ്യിത്ത് ജാമിഅ മില്ലിയ്യ ജുമാമസ്ജിദിൽ നടന്ന ജനാസ നമസ്കാരത്തിനുശേഷം ജാമിഅയുടെ സ്വന്തം ഖബർസ്ഥാനിൽതന്നെ ഖബറടക്കി.
മൃതദേഹം എത്തുമെന്നറിഞ്ഞ് വൈകീട്ടുതന്നെ ദാനിഷിെൻറ വസതിയിലേക്ക് ബന്ധുജനങ്ങളും സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും എത്തിയിരുന്നു. ഭൗതികശരീരം ഒരു നോക്കുകാണാൻ വീട്ടുകാർക്കും വളരെ അടുത്തവർക്കും മാത്രമാണ് അവസരം നൽകിയത്.
കോവിഡ് പ്രോട്ടോകോൾ മൂലം ദാനിഷിെന അവസാനമായി ഒരു നോക്കുകാണാൻ ആഗ്രഹിച്ച നിരവധി പേർക്ക് അതിനു കഴിഞ്ഞില്ല.
ജാമിഅയിൽനിന്ന് ലോകത്തോളം വളർന്ന സ്വന്തം മകന് അന്ത്യനിദ്രക്ക് ജാമിഅയുടെ ജീവനക്കാരെ മാത്രം മറമാടുന്ന ജാമിഅ ഖബർസ്ഥാനിൽ ആറടി മണ്ണ് അനുവദിക്കണമെന്ന് പിതാവ് പ്രഫ. അഖ്തർ സിദ്ദീഖിയുടെ അപേക്ഷ വൈസ് ചാൻസലർ നജ്മ അഖ്തർ സ്വീകരിക്കുകയായിരുന്നു.
ജാമിഅയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും എ.കെ.ജെ മാസ് കമ്യൂണിക്കേഷൻ റിസർച് സെൻററിൽനിന്ന് മാസ് കമ്യൂണിക്കേഷനിൽ മാസ്റ്റർ ബിരുദവും നേടിയ ദാനിഷിനെ പുലിറ്റ്സർ ജേതാവായപ്പോൾ 2018ൽ അലുമ്നി അവാർഡ് നൽകി ജാമിഅ ആദരിച്ചിരുന്നു.
ദാനിഷിെൻറ മൃതദേഹത്തിനൊപ്പം കാബൂളിലെ ഇന്ത്യൻ എംബസി നൽകിയ മരണസർട്ടിഫിക്കറ്റും പിതാവ് അഖ്തർ സിദ്ദീഖി ഏറ്റുവാങ്ങി.
റോയിട്ടേഴ്സ് ചീഫ് റിപ്പോർട്ടറും ഫോട്ടോഗ്രാഫറുമായി ജോലിചെയ്യുന്നതിനിടെ ജൂലൈ 16ന് അഫ്ഗാനിസ്താനിലെ കാന്തഹാർ സ്പിൻ ബോൾഡാകിൽ മരണപ്പെട്ടുവെന്നും നിരവധി വെടിയേറ്റ മുറിവുകളാണ് മരണകാരണമെന്നും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ജൂലൈ 20ന് ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിൽ ദാനിഷ് സിദ്ദീഖി അനുസ്മരണവും ഫോേട്ടാപ്രദർശനവും നടത്തുമെന്ന് വൈസ് ചാൻസലർ നജ്മ അഖ്തർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.