റഫാൽ ഇടപാടിൽ ക്രമക്കേടുകൾ; 10 ലക്ഷം യൂറോ ഇടനില കമ്പനിക്ക് നൽകിയതായി വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: ഏറെ വിവാദമുയർത്തിയ റഫാൽ പോർവിമാന ഇടപാടിലെ അഴിമതിയുടെ പുതിയ തെളിവ് പുറത്ത്. യുദ്ധവിമാനം നിർമിക്കുന്ന ദസോ കമ്പനി ഇന്ത്യൻ ഇടനിലക്കാരന് 10 ലക്ഷം യൂറോ (എട്ടര കോടിയിലേറെ രൂപ) വഴിവിട്ട രീതിയിൽ 'സമ്മാന'മായി നൽകിയെന്ന് ഫ്രാൻസിലെ അഴിമതി വിരുദ്ധ ഏജൻസിയായ 'ഏജൻസെ ഫ്രാൻകൈസ് ആൻറി കറപ്ഷൻ' നടത്തിയ ഓഡിറ്റിൽ കണ്ടെത്തി.
ദസോ കമ്പനിയിൽ നടന്ന ഓഡിറ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2016ൽ റഫാൽ കരാർ ഉറപ്പിച്ചതിനു പിന്നാലെ ദസോയുടെ സബ് കോൺട്രാക്ടറായ ഡിഫ്സിസ് സൊലൂഷൻസ് എന്ന് ഇന്ത്യൻ കമ്പനിക്ക് 10,17,850 യൂറോ നൽകിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാരിസ് കേന്ദ്രമായി പ്രവർത്തിക്കുന്ന 'മീഡിയപാർട്ട്' ആണ് ഇതിെൻറ വിശദാംശങ്ങൾ പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇവയാണ്:
•ഇന്ത്യയിലെ വിവാദ വ്യവസായി സുഷൻ ഗുപ്തയുമായി ബന്ധമുള്ള കമ്പനിയാണ് ഡിഫ്സിസ് സൊലൂഷൻസ്. നേരത്തേ അഗസ്റ്റ വെസ്റ്റ്ലാൻഡ് വി.വി.ഐ.പി ഹെലികോപ്ടർ ക്രമക്കേടിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ് സുഷൻ ഗുപ്ത.
•റഫാൽ പോർവിമാനത്തിെൻറ 50 മാതൃകകൾ ഉണ്ടാക്കി നൽകാനാണ് ഈ പണം ഉപയോഗിച്ചതെന്നാണ് ദസോ വിശദീകരിക്കുന്നത്. കമ്പനിയുടെ സ്വന്തം വിമാനത്തിെൻറ മോഡൽ അവർക്കു തന്നെ നിർമിക്കാമെന്നിരിക്കെ, അതിനായി 20,000 യൂറോയുടെ ഓർഡർ ഇന്ത്യയിലെ ഒരു കമ്പനിക്ക് ദസോ നൽകിയത് എന്തിനാണ്? ഇടപാടുകാരന് സമ്മാനമെന്ന നിലയിൽ ആ ചെലവ് അക്കൗണ്ടിൽ കാണിച്ചത് എന്തുകൊണ്ടാണ്?
•ചെറിയൊരു കാറിെൻറ വലുപ്പം കാണേണ്ട ഈ വിമാന മാതൃക ഉണ്ടാക്കിയെങ്കിൽ, അത് എവിടെ? അതിെൻറ ഒരു ഫോട്ടോ എങ്കിലും കാണിക്കാനുണ്ടോ? തെളിവിനായി ഏതെങ്കിലും രേഖകളോ ഫോേട്ടാേയാ ഓഡിറ്റിങ് ഏജൻസിക്ക് നൽകാൻ കമ്പനിക്ക് സാധിച്ചിട്ടില്ല.
•പുതിയ റിപ്പോർട്ടിനെക്കുറിച്ച് കേന്ദ്രസർക്കാറോ ബിജെ.പി നേതൃത്വമോ പ്രതികരിച്ചിട്ടില്ല. നേരത്തേ ഉയർന്ന ആരോപണങ്ങളെല്ലാം കേന്ദ്രസർക്കാർ അടിക്കടി നിഷേധിച്ചിരുന്നു.
ഇതുവരെ കൈമാറിയത് 11 വിമാനങ്ങൾ
ഫ്രാൻസുമായുള്ള കരാർ പ്രകാരം ഇതുവരെ ഇന്ത്യയിൽ എത്തിയത് 11 റഫാൽ പോർവിമാനങ്ങൾ. 36 വിമാനങ്ങൾക്കാണ് മോദിസർക്കാർ കരാർ ഒപ്പുവെച്ചത്. ഏപ്രിൽ, മേയ് മാസങ്ങളിലായി ഒമ്പതു വിമാനങ്ങൾ കൂടി ഇന്ത്യക്ക് നൽകും. തുടക്കം മുതൽ തന്നെ വലിയ ആരോപണമാണ് 7.87 ബില്യൻ യൂറോയുടെ (68,000 കോടി രൂപ) റഫാൽ ഇടപാടിനെ ചുറ്റിപ്പറ്റിയുള്ളത്.
അന്വേഷണം വേണം –കോൺഗ്രസ്
റഫാൽ പോർവിമാന കരാറിൽ ഇന്ത്യൻ ഇടനിലക്കാരന് ദസോ കമ്പനി 10 ലക്ഷം യൂറോ സമ്മാനം നൽകിയെന്ന റിപ്പോർട്ട് മുൻനിർത്തി റഫാൽ ഇടപാടിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്. ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കണം.
പോർവിമാന ഇടപാടിൽ അഴിമതിയുണ്ടെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ഫ്രഞ്ച് മാധ്യമ റിപ്പോർട്ടെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല പറഞ്ഞു. കേന്ദ്രസർക്കാറിൽ ആരാണ് ഈ പണം പറ്റിയത് എന്നു കണ്ടെത്താൻ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടക്കണം.
രണ്ടു ഭരണകൂടങ്ങൾ തമ്മിൽ നടത്തിയ സൈനിക ഇടപാടിൽ ഇടനിലക്കാരനും കമീഷനും എങ്ങനെ അനുവദിക്കപ്പെട്ടു? പ്രതിരോധ ഇടപാടുകൾ സംബന്ധിച്ച നടപടിക്രമങ്ങളുടെ ലംഘനമാണിത്. പ്രതിരോധ ഇടപാടിൽ ഇടനിലക്കാരനോ കമീഷനോ കോഴയോ ഉണ്ടെന്ന തെളിവു ലഭിച്ചാൽ അത് ഗുരുതരമായ കുറ്റമാണ്. നിയമം അനുസരിച്ചാണെങ്കിൽ കരാർ റദ്ദാക്കണം. ഇടപാടുകാരെ വിലക്കണം. കേസ് രജിസ്റ്റർ ചെയ്യണം. കമ്പനിയിൽനിന്ന് പിഴ ഈടാക്കണം -സുർജേവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.