നിർബന്ധിത മതപരിവർത്തനമെന്ന് വ്യാപക പ്രചാരം; തെളിവ് ചോദിച്ചപ്പോൾ കൈമലർത്തി ബി.ജെ.പി
text_fieldsബംഗളൂരു: മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കാൻ സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം നടക്കുന്നു എന്നത് സംബന്ധിച്ച കൃത്യമായ കണക്കുകൾ വേണമെന്നില്ലെന്ന് ബി.ജെ.പി. കർണാടകയിലെ പ്രമുഖ ബി.ജെ.പി നേതാക്കളെ ഉദ്ധരിച്ച് എൻ.ഡി ടി.വിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ക്രിസ്ത്യൻ സമുദായത്തിന്റെ മതഗ്രന്ഥങ്ങൾ കത്തിക്കുന്നത് മുതൽ പള്ളികൾക്കുള്ളിൽ അതിക്രമിച്ചുകയറുകയും അംഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നത് വരെ കർണാടകയിൽ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ തുടർച്ചയാണ് നടക്കുന്നത്.
അതിനിടയിലാണ് പുതിയ നിയമം വരുന്നത്. നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങളും ഡാറ്റകളും ആണ് കൈവശം ഉള്ളതെന്ന ചോദ്യത്തിന് ബി.ജെ.പി ഉന്നത നേതൃത്വത്തിന് മറുപടി ഉണ്ടായിരുന്നില്ലെന്ന് എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്യുന്നു. നിയമവിരുദ്ധമായ മതപരിവർത്തനങ്ങൾ വർധിച്ചുവരുന്നു എനനാണ് നിയമ നിർമാണത്തിന് ന്യായീകരണമായി ബി.ജെ.പി പറയുന്നത്. എന്നാൽ ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കാൻ ശക്തമായ തെളിവുകൾ അവരുടെ പക്കലില്ല.
"ഡാറ്റ ആവശ്യമില്ല, കാരണം അത് വ്യക്തമാണ്. ക്രിസ്ത്യൻ ജനസംഖ്യ 0.5 ശതമാനത്തിൽ നിന്ന് 3 ശതമാനമായി വർദ്ധിച്ചതിൽ നിന്ന് ഇത് വളരെ വ്യക്തമാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമാണ്. എല്ലാം നിയമവിരുദ്ധമാണ്"- ബിജെപിയുടെ വാമൻ ആചാര്യ പറഞ്ഞു. ക്രിസ്ത്യൻ ജനസംഖ്യ 0.5 ശതമാനത്തിൽ നിന്ന് 3 ശതമാനമായി വർദ്ധിച്ചുവെന്ന അദ്ദേഹത്തിന്‍റെ അവകാശവാദം കണക്കുകളെക്കുറിച്ച് എൻ.ഡി ടി.വി ചോദിച്ചപ്പോൾ, 2011 ലെ സെൻസസ് മുതലുള്ളതാണ്, ഇത് അവസാനമായി ലഭ്യമായ സെൻസസ് ആണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
എന്നിരുന്നാലും, 2011 ലെ സെൻസസ് കണക്കുകൾ പ്രകാരം, കർണാടകയിലെ ക്രിസ്ത്യൻ ജനസംഖ്യ 1.87 ശതമാനമാണ്. സംസ്ഥാനത്തെ ബി.ജെ.പിയുടെ ഔദ്യോഗിക വക്താവ് ഡോ.ഗിരിധർ ഉപാധ്യായയും തെളിവ് ചോദിച്ചപ്പോൾ കൈമലർത്തി. ''രജിസ്റ്റർ ചെയ്തതും രജിസ്റ്റർ ചെയ്യാത്തതുമായ പള്ളികൾ, അനധികൃത പള്ളികൾ എന്നിവയെക്കുറിച്ച് സർവേ നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. കാരണം പല വീടുകളും പ്രാർത്ഥനാ ഹാളുകളാക്കി മാറ്റി, ആളുകളെ ആകർഷിക്കുകയും അവരുടെ മനസ്സിലേക്ക് ഭയം കൊണ്ടുവരുകയും ചെയ്യുന്നു'' -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.