140 കോടി ഹൃദയമിടിപ്പുകളുടെ ശക്തിയാണ് ഈ നിമിഷം; ചന്ദ്രയാൻ വിജയത്തിൽ നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: ചന്ദ്രയാൻ-3 ദൗത്യം വിജയകരമാക്കിയ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ യുഗത്തിന്റെ ഉദയമാണ് ചന്ദ്രയാന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങളുടെ ഹൃദയമിടിപ്പിന്റെ ശക്തിയാണ് ഈ നിമിഷം.
എല്ലാ ഇന്ത്യക്കാരും ഈ വിജയം ആഘോഷമാക്കുകയാണ്. എല്ലാ വീടുകളിലും ആഘോഷിക്കുന്നു. രാജ്യത്തിന്റെ അഭിമാനനിമിഷത്തിൽ ഞാനും പങ്കാളിയാവുന്നു. ഒരു രാജ്യവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് എത്തിയിട്ടില്ല. ശാസ്ത്രജ്ഞരുടെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് ദൗത്യം വിജയകരമാക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ദക്ഷിണാഫ്രിക്കയിലെത്തിയ നരേന്ദ്ര മോദി അവിടെ നിന്നും വെർച്വലായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. താൻ ദക്ഷിണാഫ്രിക്കയിലാണെങ്കിലും തന്റെ മനസ്സ് എപ്പോഴും ചന്ദ്രയാൻ ദൗത്യത്തിനൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
139 കോടി ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ചന്ദ്രയാൻ മൂന്ന് പേടകം രഹസ്യങ്ങളുടെ കലവറയായ ചന്ദ്രന്‍റെ മണ്ണിൽ കാലുകുത്തി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. 40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ.
2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയിൽ നിന്നും എൽ.വി.എം 3 റോക്കറ്റിലായിരുന്നു പേടകത്തിന്‍റെ യാത്ര. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ഇറങ്ങുകയായിരുന്നു യാത്രയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.