ദാവൂദ് കറാച്ചിയിലുണ്ടെന്ന് സഹോദരീ പുത്രൻ; പ്രതിമാസം 10 ലക്ഷം അയക്കുമെന്നും മൊഴി
text_fieldsമുംബൈ: പിടികിട്ടാപ്പുള്ളിയായ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ കറാച്ചിയിലുണ്ടെന്നും പ്രതിമാസം ബന്ധുക്കൾക്ക് 10 ലക്ഷം രൂപ എത്തിക്കാറുണ്ടെന്നും സാക്ഷികൾ.
ദാവൂദിന്റെ സഹോദരി ഹസീന പാർക്കറുടെ മകൻ അലീഷാ പാർകർ, 'ഡി കമ്പനി'യുമായി ബന്ധമുള്ള ഖാലിദ് ഉസ്മാൻ ശൈഖ് എന്നിവരുടേതാണ് മൊഴി. കള്ളപ്പണ കേസിൽ മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലികിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് മൊഴിയുള്ളത്.
തന്റെ ജനനത്തിന് മുമ്പേ 1986ൽ അമ്മാവനായ ദാവൂദ് ഇന്ത്യ വിട്ടുവെന്നും കറാച്ചിയിലാണുള്ളതെന്ന് ഉമ്മയിൽനിന്നും മറ്റു ബന്ധുക്കളിൽനിന്നും അറിയാൻ കഴിഞ്ഞെന്നുമാണ് അലീഷാ പാർകറുടെ മൊഴി. താനുൾപ്പെടെ മുംബൈയിലെ ബന്ധുക്കൾക്ക് മാസംതോറും ദാവൂദ് പണമയക്കാറുണ്ടെന്ന് ഇളയ സഹോദരൻ ഇഖ്ബാൽ കസ്കർ പറഞ്ഞതായാണ് ഖാലിദ് ഉസ്മാൻ ശൈഖിന്റെ മൊഴി.
പ്രതിമാസം തനിക്ക് 10 ലക്ഷം രൂപ അയക്കുമെന്ന് പറഞ്ഞ ഇഖ്ബാൽ ഒരിക്കൽ കെട്ടുകണക്കിന് പണം കാണിച്ച് ഇത് 'ദാവൂദ് ഭായ്' അയച്ചതാണെന്ന് പറഞ്ഞുവെന്നും ഖാലിദ് മൊഴിനൽകി. ദാവൂദ്, സഹോദരി ഹസീന പാർകർ എന്നിവരുമായി മന്ത്രി നവാബ് മാലികിന് ബന്ധമുണ്ടെന്ന് കുറ്റപത്രം അവകാശപ്പെടുന്നു. മാലികിന്റെ ഭാര്യക്കും മകനും ആവർത്തിച്ച് സമൻസ് അയച്ചെങ്കിലും അവർ ഹാജരായില്ലെന്നും ഇ ഡി കുറ്റപത്രത്തിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.