'ഇന്ത്യാ രാജ്യത്തിന് മോദിയുടെ പേരിടുന്ന കാലം അകലെയല്ല'; പരിഹാസവുമായി മമത
text_fieldsകൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ സർക്കാറിനെതിരെ മോദി പച്ചക്കള്ളവും വ്യാജവാർത്തകളും പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച മമത, ഇന്ത്യയുടെ പേര് മാറ്റി രാജ്യത്തിന് മോദിയുടെ പേരിടുന്ന കാലം അകലെയല്ലെന്നും പരിഹസിച്ചു. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ഫോട്ടോ വെക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.
ബംഗാളിലെ 294 മണ്ഡലങ്ങളിലും ദീദിയും ബി.ജെ.പിയും തമ്മിലുള്ള പോരാട്ടമാണ് നടക്കാൻ പോകുന്നതെന്നും കൊൽക്കത്തയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മമത പറഞ്ഞു. അമിത് ഷായും മോദിയും നുണ പറയാനാണ് ബംഗാളിലെത്തുന്നതെന്നും മമത പറഞ്ഞു. പ്രധാനമന്ത്രി പദത്തെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ, പ്രധാനമന്ത്രി ഇങ്ങനെ നുണ പറയുന്നത് ആശ്ചര്യമാണ്.
ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നാണ് മോദി പറഞ്ഞത്. എന്നിട്ടാണോ ഇവിടെ രാത്രി 12 മണിക്കും പുലർച്ചെ നാല് മണിക്കും ഒക്കെ സ്ത്രീകൾ ഇറങ്ങിനടക്കുന്നതും തൊഴിലെടുക്കുന്നതും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്താണ് അവസ്ഥയെന്ന് നോക്കൂ. മോദിയുടെ ഗുജറാത്തിൽ എന്താണ് അവസ്ഥ -മമത ചോദിച്ചു.
തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ പഴയ സുഹൃത്ത് സുവേന്ദു അധികാരിയുടെ സിറ്റിങ് സീറ്റായ നന്ദിഗ്രാമിലാണ് മമത ഇക്കുറി മത്സരിക്കുന്നത്. ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുത്താണ് മമത സുവേന്ദുവിനെ നേരിടുക.
ഭവാനിപൂരിലെ സിറ്റിങ് സീറ്റ് ഒഴിവാക്കിയാണ് മമത ബി.ജെ.പി വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമിലെത്തുന്നത്. രണ്ടിടത്തും മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും നന്ദിഗ്രാമിൽ മാത്രം മത്സരിക്കുമെന്ന് മമത പ്രഖ്യാപിക്കുകയായിരുന്നു. മാര്‍ച്ച് പത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
നന്ദിഗ്രാമില്‍ മമത മത്സരിക്കുകയാണെങ്കില്‍ 50,000 വോട്ടിന് പരാജയപ്പെടുത്തുമെന്നും ഇല്ലെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നുമാണ് സുവേന്ദു വെല്ലുവിളിച്ചത്.
മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടമായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ്. 294 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം മേയ് രണ്ടിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.