റെക്കോഡിട്ട ദിവസം മധ്യപ്രദേശിൽ 13 വയസുകാരനും 'വാക്സിനേഷൻ'; കൃത്രിമം നടത്താൻ ഉപയോഗിച്ചത് പെൻഷൻ രേഖകൾ
text_fieldsഭോപാൽ: വാക്സിനേഷെൻറ കാര്യത്തിൽ റെക്കോഡിട്ട ദിവസം മധ്യപ്രദേശിൽ 13 വയസുകാരനും 'കുത്തിെവപ്പ്'. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 7:27നാണ് രജത് ഡാങ്ക്റെയുടെ മൊബൈലിലേക്ക് 13 വയസുള്ള ഭിന്നശേഷിക്കാരനായ തെൻറ മകൻ കുത്തിവെപ്പെടുത്തതായി കാണിക്കുന്ന സന്ദേശം വന്നത്. 18 വയസിൽ താഴെയുള്ളവർക്ക് ഇന്ത്യ ഇതുവരേ വാക്സിനേഷൻ ആരംഭിച്ചിട്ടില്ലാത്ത സന്ദർഭത്തിലാണിത്.
ഭോപാലിലെ ടില ജമാൽപുരയിലെ ഹൗസിങ് ബോർഡ് കോളനിയിൽ താമസിക്കുന്ന 13 വയസുകാരനായ വേദാന്തിനെ 56 വയസുകാരനാക്കിയാണ് വ്യാജമായി കണക്കുകളിൽ ഉൾപെടുത്തിയത്.
'ജൂൺ 21ന് രാത്രി 7.27 ന് വേദന്ത് വാക്സിനേഷൻ സ്വീകരിച്ചതായി എനിക്ക് ഒരു സന്ദേശം ലഭിച്ചു. അവന് വെറും 13 വയസ് മാത്രമാണ് പ്രായം. ഞാൻ ഒരു പരാതി ഉന്നയിക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ലിങ്ക് ഉപയോഗിച്ച് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഭിന്നശേഷിക്കാർക്കുള്ള പെൻഷനായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ മുനിസിപ്പൽ കോർപ്പറേഷന് സമർപ്പിച്ച രേഖകളാണ് അവർ ഉപയോഗിച്ചത്'-രജത് പറഞ്ഞൂ.
17.42 ലക്ഷം ഡോസ് വാക്സിൻ നൽകി ജൂൺ 21നാണ് മധ്യപ്രദേശ് റെക്കോഡിട്ടത്. എന്നാൽ വാക്സിൻ യജ്ഞത്തിെൻറ 'ഗുണഭോക്താക്കളായ' നിരവധിയാളുകളാണ് ഇപ്പോൾ പരാതികളുമായി രംഗത്ത് വരുന്നത്. ഒരു ഡോസ് വാക്സിൻ പോലും എടുക്കാതെയാണ് പലർക്കും സർട്ടിഫിക്കറ്റുകൾ ലഭിച്ചതായി സന്ദേശങ്ങൾ വന്നത്.
അതേ ദിവസം തന്നെ സത്‌നയിൽ നിന്നുള്ള ചൈനേന്ദ്ര പാണ്ഡെക്ക് അഞ്ച് മിനിറ്റിനുള്ളിൽ മൂന്ന് സന്ദേശങ്ങൾ ലഭിച്ചു. തനിക്ക് യാതൊരു പരിചയമില്ലാത്ത മൂന്ന് പേർക്ക് - കതിക്രം, കാളിന്ദ്രി, ചന്ദൻ എന്നിവർക്ക് വാക്സിനേഷൻ നൽകിയതായായിരുന്നു സന്ദേശത്തിെൻറ ഉള്ളടക്കം. ആശയക്കുഴപ്പത്തിലായ ചൈനേന്ദ്രയ്ക്ക് എന്തുകൊണ്ടാണ് സന്ദേശങ്ങൾ ലഭിച്ചതെന്ന് മനസിലായില്ല. 'അഞ്ച് മിനിറ്റിനുള്ളിൽ മൂന്ന് സന്ദേശങ്ങൾ. പേര് മാത്രം വ്യത്യസ്തമാണ്. എനിക്ക് ഇതുവരെ ഒരു വാക്സിനും ലഭിച്ചിട്ടില്ല' -52 കാരനായ ചൈനേന്ദ്ര എൻ.ഡി.ടി.വിയോട് പറഞ്ഞു.
ഭോപ്പാലിലെ പി.ജി.ബി.ടി കോളജ് റോഡിൽ താമസിക്കുന്ന 46 കാരിയായ നുസ്ഹത് സലീമിനും ജൂൺ 21 ന് വാക്സിൻ ലഭിച്ചതായി സന്ദേശം ലഭിച്ചു. അവർ ഒരു പെൻഷൻ ഗുണഭോക്താവല്ല. എന്നാൽ പെൻഷൻ രേഖകളാണ് തിരിച്ചറിയൽ രേഖകളായി കാണിച്ചിട്ടുള്ളത്. 'എനിക്ക് ഇതുവരെ വാക്സിൻ ലഭിച്ചിട്ടില്ലെങ്കിലും ജൂൺ 21ന് രാത്രി 10:57 ന് വാക്സിൻ എടുത്തതായി എനിക്ക് ഒരു സന്ദേശം ലഭിച്ചു. ഇനി എങ്ങനെ വാക്സിൻ ലഭിക്കുമെന്നതിനെക്കുറിച്ച് ഞാൻ ആശങ്കയിലാണ് ' -നുസ്ഹത് പറഞ്ഞു.
എന്നാൽ സർക്കാർ വൃത്തങ്ങൾ ഈ ആരോപണങ്ങൾ നിഷേധിച്ചു. 'ഇത്തരത്തിൽ ഒരു പ്രശ്നവുമില്ല. നിങ്ങൾക്ക് എവിടെ നിന്ന് വിവരങ്ങൾ ലഭിച്ചുവെന്ന് എനിക്കറിയില്ല. ഞാൻ ഇത് ആദ്യമായാണ് കേൾക്കുന്നത്. എന്തെങ്കിലും വന്നാൽ ഞങ്ങൾ അത് അന്വേഷിക്കും' -മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പ്രതികരിച്ചു.
റെക്കോഡ് സ്വന്തമാക്കാനായി ഡേറ്റ കൃത്രിമം നടത്തിയെന്ന ആരോപണത്തിന് തെളിവുകളാണ് ഈ സംഭവങ്ങളെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ഉയർത്തിക്കാട്ടി. കേന്ദ്രം വാക്സിൻ നയത്തിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ് ജൂൺ 21ന് റെക്കോഡിട്ടത്. ജൂൺ 21ന് 17.42 ലക്ഷം ആളുകളെ വാക്സിനേഷന് വിധേയമാക്കിയതായി അവകാശപ്പെടുന്നു. ജൂൺ 23ന് 11.43 ലക്ഷം പേരെയും 24ന് 7.05 ലക്ഷം പേരെയും 26ന് 9.64 ലക്ഷം പേരെയും വാക്സിനേഷന് വിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.