ബിഹാറിൽ സന്തോഷ് കുമാറിനു പകരം രത്നേഷ് സദ മന്ത്രിയായി ചുമതലയേറ്റു
text_fieldsപട്ന: സന്തോഷ് കുമാർ സുമൻ സഖ്യം വിട്ടതിനു പിന്നാലെ ജെ.ഡി.യു എം.എൽ.എ രത്നേഷ് സദ മന്ത്രിയായി ചുമതലയേറ്റു. ഇക്കഴിഞ്ഞ 13നാണ് തന്റെ പാർട്ടിയായ ഹിന്ദുസ്ഥാനി അവാം മോർച്ചയെ അവഗണിക്കുന്നുവെന്നും ജെ.ഡി.എസിൽ ലയിക്കാൻ നിർബന്ധിക്കുന്നുവെന്നും കാണിച്ച് രാജിവെച്ചത്. തന്നെ മന്ത്രിസഭാംഗമാക്കിയതിൽ നിതീഷ് കുമാറിന് രത്നേഷ് നന്ദി പറഞ്ഞു. ഇദ്ദേഹവും ദലിത് സമുദാംഗമാണ്.
''കബീർ ദാസിനെയാണ് ഞാൻ നിതീഷ് കുമാറിൽ കാണുന്നത്. ദലിത് ദിവസ വേതനക്കാരന്റെ മകനായ എന്നെ അദ്ദേഹം ഈ നിലയിലെത്തിച്ചു. എന്റെ വികാരം പ്രകടിപ്പിക്കാൻ വാക്കുകളില്ല. 1980 മുതൽ എം.എൽ.എയാണ് ജിതൻ രാം മാഞ്ചി. എന്നാൽ ദലിതരുടെ ഉന്നമനത്തിനായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല.തന്റെ കുടുംബത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.''-രത്നേഷ് ആരോപിച്ചു. സദയെ വിളിച്ചുവരുത്തിയാണ് നിതീഷ് കുമാർ മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്.
മുൻ മുഖ്യമന്ത്രിയായിരുന്ന ജിതൻരാം മാഞ്ചിയുടെ മകനാണ് സന്തോഷ് കുമാർ സുമൻ. നിതീഷ് മന്ത്രിസഭയിൽ എസ്.സി/എസ്.ടി ക്ഷേമ വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ജൂൺ 23ന് പട്നയിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ സമ്മേളനത്തിൽ തങ്ങളെ ക്ഷണിച്ചില്ലെന്നും സുമൻ ആരോപിച്ചിരുന്നു.
സുമൻ ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അതാണ് സഖ്യം വിട്ടതെന്നും നിതീഷ് കുമാർ വിമർശിച്ചു. പ്രതിപക്ഷ പാർട്ടികളുടെ സമ്മേളനത്തിന്റെ വിശദ വിവരങ്ങൾ ബി.ജെ.പിക്ക് ചോർത്തിക്കൊടുക്കുമെന്നതിനാലാണ് സുമന്റെ പാർട്ടിയെ സമ്മേളനത്തിന് ക്ഷണിക്കാതിരുന്നതെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.