ഹരിയാനയിൽ മൂന്നാം ദിവസവും ബുൾഡോസിങ്; മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പടെ തകർത്തു
text_fieldsഗുരുഗ്രാം: നൂഹ് വർഗീയ സംഘർഷത്തെത്തുടർന്ന് പ്രദേശത്ത് ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ചേരികൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയതിനുപിന്നാലെ വ്യാപാര സ്ഥാപനങ്ങളും ഇടിച്ചുനിരത്തി. അനധികൃതമെന്ന് ആരോപിച്ച് രണ്ടുഡസൻ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെ 45ലധികം കടകളാണ് പ്രാദേശിക ഭരണകൂടം ഇടിച്ചുനിരത്തിയത്.
നൽഹാർ റോഡിൽ എസ്.കെ.എച്ച്.എം ഗവൺമെന്റ് മെഡിക്കൽ കോളജിന് സമീപത്തെ കടകളാണ് കനത്ത പൊലീസ് ബന്തവസ്സിൽ തകർത്തത്.
സബ്ഡിവിഷനൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ മാർക്കറ്റ് പരിസരത്തെത്തിയ ടൗൺ പ്ലാനിങ് ഉദ്യോഗസ്ഥർ നിരവധി മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് കടകൾ പൊളിച്ചത്. ചില കടകൾ വർഗീയ കലാപത്തിൽ പങ്കുള്ളവരുടേതാണെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നും സബ് ഡിവിഷനൽ മജിസ്ട്രേറ്റ് അശ്വനികുമാർ പറഞ്ഞു.
കൈയേറ്റം 2.5 ഏക്കർ വ്യാപിച്ചുകിടക്കുകയാണെന്നും അവയെല്ലാം അനധികൃത നിർമാണങ്ങളാണെന്നും അധികൃതർ അവകാശപ്പെട്ടു. നൽഹാർ റോഡിലെ 45ലധികം കടകൾ തകർത്തതായി നൂഹ് ജില്ല ടൗൺ പ്ലാനർ വാർത്ത ഏജൻസിയോട് പറഞ്ഞു.
വ്യാഴാഴ്ച ടൗരു പട്ടണത്തിൽ സർക്കാർ ഭൂമിയിൽ കഴിയുന്ന ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരുടെ 250ഓളം കുടിലുകൾ അധികൃതർ ഇടിച്ചുനിരത്തിയിരുന്നു. കുടിലുകൾ പൊളിച്ചതിന് വർഗീയ സംഘർഷവുമായി ബന്ധമില്ലെന്നാണ് ഡെപ്യൂട്ടി കമീഷണർ പ്രശാന്ത് പൻവർ പറഞ്ഞത്. എന്നാൽ, ആഭ്യന്തര മന്ത്രി അനിൽ വിജാകട്ടെ ബുൾഡോസർ രാജ് ‘ചികിത്സ’യുടെ ഭാഗമാണെന്നാണ് പ്രതികരിച്ചത്.
അതേസമയം പ്രദേശത്ത് ഉച്ച 12 മുതൽ വൈകീട്ട് മൂന്നുവരെ കർഫ്യൂവിന് ഇളവുനൽകി. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ജാഥയെ തുടർന്നുണ്ടായ വർഗീയ കലാപത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്.
56 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായും 145 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹം പ്രചരിപ്പിച്ചതിന് 10 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.