ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചത് 17 വർഷം മുമ്പുള്ള കേസിൽ വധശ്രമക്കുറ്റം ചുമത്തിയതിന് പിന്നാലെ
text_fieldsഭോപ്പാൽ: ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന അക്ഷയ് കാന്തി ബാം തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക പിൻവലിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കിയത് കഴിഞ്ഞ ദിവസമാണ്. ബി.ജെ.പി നേതാക്കളോടൊപ്പം പത്രിക പിൻവലിക്കാനെത്തിയ കോൺഗ്രസ് സ്ഥാനാർഥി ബി.ജെ.പിയിലേക്ക് ചേക്കേറുകയും ചെയ്തു. അക്ഷയ് കാന്തി ബാമിനെ ബി.ജെ.പി സമ്മർദത്തിലാക്കിയാണ് പത്രിക പിൻവലിപ്പിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. പത്രിക പിൻവലിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അക്ഷയ് കാന്തി ബാമിനെതിരെ 17 വർഷം മുമ്പുണ്ടായിരുന്ന കേസിൽ വധശ്രമക്കുറ്റം ചുമത്തിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഏപ്രിൽ 23നാണ് അക്ഷയ് കാന്തി ബാം കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. ഇതിന് തൊട്ടടുത്ത ദിവസം, ഏപ്രിൽ 24ന് ജില്ല കോടതി ബാമിനെതിരായ 17 വർഷം മുമ്പുള്ള കേസിൽ വധശ്രമക്കുറ്റംകൂടി ചുമത്തുകയായിരുന്നു. 61 തവണ കോടതി പരിഗണിച്ച ഒരു ഭൂമിതർക്ക കേസാണിത്. 2007 ഒക്ടോബർ നാലിന് ബാമും പിതാവ് കാന്തിലാലും മറ്റ് മൂന്നുപേരും യൂനുസ് ഖാൻ എന്നയാളുടെ സ്ഥലത്ത് അതിക്രമിച്ചുകയറി തൊഴിലാളികളെ മർദിക്കുകയും സോയാബീൻ കൃഷിക്ക് തീയിടുകയും ചെയ്തെന്നായിരുന്നു കേസ്.
ആക്രമിച്ചു പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, ആയുധങ്ങളുപയോഗിക്കൽ, നിയമംലംഘിച്ച് കൂട്ടംകൂടൽ, തീക്കൊളുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാൽ, ഇക്കഴിഞ്ഞ ഏപ്രിൽ 24ന് വധശ്രമക്കുറ്റം കൂടി ചുമത്തുകയായിരുന്നു. അക്ഷയ് കാന്തി ബാമിമൊപ്പമുണ്ടായിരുന്ന സത്വീർ സിങ് എന്നയാൾ പരാതിക്കാരനെതിരെ വെടിയുതിർത്തു എന്നതാണ് കൂട്ടിച്ചേർത്ത കുറ്റം.
ഇൻഡോറിലും തങ്ങളുടെ സ്ഥാനാർഥിയെ ഭീഷണിപ്പെടുത്തിയാണ് പത്രിക പിൻവലിപ്പിച്ചതെന്ന് കോൺഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു. വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ഇന്നലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്. ബി.ജെ.പി നേതാക്കളോടൊപ്പമാണ് പത്രിക പിൻവലിക്കാൻ കോൺഗ്രസ് സ്ഥാനാർഥി എത്തിയത്. അക്ഷയ് കാന്തി ബാമിനൊപ്പമുള്ള ചിത്രം ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അക്ഷയ് കാന്തി ബാമിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.