സ്‌ഫോടന പരമ്പരകളുടെ ദിവസങ്ങൾ കഴിഞ്ഞു, ഇന്ന് രാജ്യം സുരക്ഷിതം -പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: സ്‌ഫോടന പരമ്പരകളുടെ ദിവസങ്ങൾ കഴിഞ്ഞെന്നും ഇന്ന് രാജ്യം സുരക്ഷിതമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോംബ് സ്ഫോടനങ്ങളെക്കുറിച്ച് നമ്മൾ ഇടയ്ക്കിടെ കേൾക്കാറുണ്ടായിരുന്നു. ബോംബ് ഭീതിയെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന അറിയിപ്പുകൾ വരാറുണ്ടായിരുന്നു. 'ഈ ബാഗിൽ തൊടരുത്' എന്നെല്ലാം മുന്നറിയിപ്പുകൾ നൽകാറുണ്ടായിരുന്നു. എന്നാൽ ഇന്ന് രാജ്യം സുരക്ഷിതമാണ്. ഒരു രാജ്യം സുരക്ഷിതമാകുമ്പോൾ അത് അചഞ്ചലമായ പുരോഗതി കൈവരിക്കുന്നു. സ്‌ഫോടന പരമ്പരകളുടെ ദിവസങ്ങൾ അവസാനിച്ചു. നിരപരാധികളാണ് ഇത്തരം സംഭവങ്ങൾക്ക് ഇരയാകുന്നത്. ഭീകരാക്രമണങ്ങളിൽ ഗണ്യമായ കുറവുണ്ടായി. നക്‌സൽ മേഖലകളിലും മാറ്റം വന്നിട്ടുണ്ട് -പ്രധാനമന്ത്രി പറഞ്ഞു.
മണിപ്പൂരിനെക്കുറിച്ച് മോദി തന്‍റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പരാമർശിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് മണിപ്പൂരിലുണ്ടായ അക്രമസംഭവങ്ങളിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അമ്മമാരുടെയും പെൺമക്കളുടെയും അഭിമാനത്തിന് ക്ഷതമേറ്റു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമാധാനം തിരിച്ചുവരുന്നു. രാജ്യം മണിപ്പൂരിന്റെ കൂടെ നിൽക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുനഃസ്ഥാപിക്കപ്പെട്ട സമാധാനം മണിപ്പൂരിലെ ജനങ്ങൾ കെട്ടിപ്പടുക്കണം. മണിപ്പൂരിൽ സമാധാനത്തിലൂടെ പരിഹാരത്തിനുള്ള വഴി കണ്ടെത്തും -പ്രധാനമന്ത്രി വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിക്ഷോഭത്തെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി, പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിച്ചവരോടുള്ള ദുഃഖം രേഖപ്പെടുത്തി. രാജ്യത്തെ പല സംസ്ഥാനങ്ങളും സങ്കൽപ്പിക്കാനാവാത്ത പ്രതിസന്ധിക്കാണ് സാക്ഷ്യം വഹിച്ചതെന്നും ഈ വെല്ലുവിളിയെ അതിജീവിക്കാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.