ക്രിമിനൽ കേസുകളിൽ അന്വേഷണം പ്രഖ്യാപിക്കാൻ ഡൽഹി സർക്കാറിനാവില്ല -ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: ലഫ്. ഗവർണറും ഡൽഹി സർക്കാറും തമ്മിലുള്ള അധികാരം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി രംഗത്ത്. ക്രിമിനൽ കേസുകളിൽ പൊലീസ് അന്വേഷണം പ്രഖ്യാപിക്കാൻ ഡൽഹി സർക്കാറിന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമായെന്ന് അരുൺ ജെയ്റ്റ്ലി പറഞ്ഞു.
ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ (ഡി.ഡി.സി.എ) അഴിമതിയെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ കമീഷനെ രൂപീകരിച്ച കെജ്രിവാൾ സർക്കാറിന്‍റെ മുൻനടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജെയ്റ്റ്ലിയുടെ പ്രതികരണം. ഡൽഹി സർക്കാറിന് പൊലീസിന് നിർദേശം നൽകാനുള്ള അധികാരമില്ല. അതിനാൽ തന്നെ കുറ്റകൃത്യം അന്വേഷിക്കുന്ന ഏജൻസിയെ നിയമിക്കാൻ സാധിക്കില്ലെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റായിരിക്കെ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഡി.ഡി.സി.എ അഴിമതികളെ കുറിച്ച് അന്വേഷിക്കാൻ സുപ്രിംകോടതി മുതിർന്ന അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യത്തെ അന്വേഷണ കമീഷനായി ഡൽഹി സർക്കാർ നിയോഗിച്ചത്.
എന്നാൽ, പ്രത്യേക അന്വേഷണ കമീഷനെ നിയമിച്ച ഡൽഹി സർക്കാർ നടപടിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കിയിരുന്നു. കമീഷനെ നിയമിച്ച ഡൽഹി സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അന്നത്തെ ലഫ്. ഗവർണർ നജീബ് ജെങ് ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്.
പൊലീസ്, ക്രമസമാധാനം, ഭൂമി എന്നീ വിഷയങ്ങളിൽ ഒഴികെ സംസ്ഥാന മന്ത്രിസഭയുടെ ഉപദേശങ്ങൾക്ക് അനുസൃതമായി ലഫ്. ഗവർണർ പ്രവർത്തിക്കണമെന്നാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കുന്നത്. എതിർപ്പുണ്ടെങ്കിൽ പരസ്പരം ചർച്ച ചെയ്യാം. വിയോജിപ്പ് രാഷ്ട്രപതിയെ അറിയിക്കാം. അവിടെ നിന്നുള്ള നിർദേശപ്രകാരം തുടർനടപടി സ്വീകരിക്കണം. ലഫ്. ഗവർണർ യാന്ത്രികമായി പ്രവർത്തിക്കരുത്. മന്ത്രിസഭയുടെ ഒാരോ തീരുമാനത്തിലും രാഷ്ട്രപതിയുടെ ഉപദേശം തേടേണ്ടതില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.