ഉപയോഗമില്ലാത്ത മൊബൈൽ നമ്പർ 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് ട്രായ് സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ഒരു വ്യക്തി ഉപയോഗം അവസാനിപ്പിച്ച മൊബൈൽ ഫോൺ നമ്പർ 90 ദിവസം കഴിയാതെ മറ്റൊരു വരിക്കാരന് നൽകാറില്ലെന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സുപ്രീംകോടതിയെ അറിയിച്ചു. വരിക്കാരന്‍റെ അഭ്യർഥനയെ തുടർന്ന് ഒഴിവാക്കുന്ന നമ്പറായാലും ഉപയോഗിക്കാതെ പ്രവർത്തനം നിലയ്ക്കുന്ന നമ്പറായാലും 90 ദിവസം കഴിഞ്ഞാൽ മാത്രമേ പുതിയ വരിക്കാരന് ഈ നമ്പർ അനുവദിക്കുകയുള്ളൂ -ട്രായ് വ്യക്തമാക്കി. ഒരാൾ ഉപയോഗിച്ച നമ്പർ മറ്റൊരാൾക്ക് നൽകുമ്പോഴുള്ള ദുരുപയോഗ സാധ്യതകളുമായി ബന്ധപ്പെട്ട് 2021ൽ സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി ട്രായുടെ മറുപടി തേടിയത്.
ഇങ്ങനെ പ്രവർത്തനം അവസാനിപ്പിക്കുന്ന നമ്പറുകളുമായി ബന്ധപ്പെട്ട് സ്വകാര്യത ലംഘനം നടക്കുന്നില്ലെന്ന് ഇക്കാലയളവിൽ ഉറപ്പാക്കേണ്ടത് ആദ്യത്തെ വരിക്കാരന്‍റെ ഉത്തരവാദിത്തമാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രവർത്തനം അവസാനിപ്പിക്കുന്ന നമ്പറിലെ വാട്സാപ് അക്കൗണ്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട് കോടതി വാട്സാപ്പിന്‍റെ മറുപടി തേടിയിരുന്നു. അക്കൗണ്ട് പ്രവർത്തനം നിലയ്ക്കുന്നത് നിരീക്ഷിക്കാറുണ്ടെന്ന് വാട്സാപ്പ് അറിയിച്ചു. ഒരു നമ്പറിലെ അക്കൗണ്ട് 45 ദിവസം പ്രവർത്തനരഹിതമായാൽ ആ നമ്പർ പുതിയൊരു ഫോണിൽ പ്രവർത്തനം തുടങ്ങിയാൽ പഴയ അക്കൗണ്ട് വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെടുമെന്ന് വാട്സാപ്പ് അറിയിച്ചു.
നമ്പർ മാറുമ്പോൾ വാട്സാപ്പ് ഡാറ്റ ഡിലീറ്റ് ചെയ്യുന്നതിലൂടെ ഉപഭോക്താവിന് ദുരുപയോഗ സാധ്യത ഇല്ലാതാക്കാനാകുമെന്ന് നിരീക്ഷിച്ച കോടതി ഹരജി തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.