പ്രവാസികളുടെ മൃതദേഹമെത്തിക്കാനുള്ള കടമ്പ നിയമയുദ്ധത്തിലേക്ക്
text_fieldsന്യൂഡൽഹി: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ 48 മണിക്കൂർ മുെമ്പ വിമാനത്താവളത്തിൽ അറിയിക്കണമെന്നതടക്കം കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയത് നിയമയുദ്ധത്തിലേക്ക്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് നിർദേശമയച്ച എയർപോർട്ട് ഹെൽത്ത് ഒാഫിസറെ കേന്ദ്ര സർക്കാറിനൊപ്പം രണ്ടാം കക്ഷിയാക്കി, അബൂദബിയിലെ പ്രവാസി മലയാളിയാണ് കേരള ഹൈകോടതിയിൽ ഹരജി നൽകിയത്.
ഇൗ വിജ്ഞാപനത്തിലൂടെ വിദേശത്ത് മരിച്ച ഇന്ത്യൻ പൗരനെ അപകടവസ്തുവായാണ് കണക്കാക്കുന്നതെന്നും ഇത് മരിച്ചയാളുടെ ബന്ധുക്കളെ ഏറെ വേദനിപ്പിക്കുന്നതാണെന്നും അബൂദബി യൂനിവേഴ്സൽ ആശുപത്രിയിലെ ഹാനിൽ സജ്ജാദ് സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖേന ഫയൽ ചെയ്യുന്ന ഹരജിയിൽ പറഞ്ഞു. ബുധനാഴ്ച കോടതി വാദം കേൾക്കും.
1954ലെ എയർക്രാഫ്റ്റ് പൊതു ആരോഗ്യ ചട്ടങ്ങളിലെ അപ്രസക്തമായ 43ാം ചട്ടം അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നിർദേശം വിമാനത്താവളങ്ങളിൽനിന്ന് അയച്ചതെന്ന് ഹരജിയിൽ പറയുന്നു. ഇത് ഭരണഘടനയുടെ 14ഉം 21ഉം അനുഛേദങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ഉറ്റവരുടെ മൃതദേഹം ലഭിക്കാൻ 48 മണിക്കൂർ അധികം കാത്തുനിൽക്കേണ്ട സാഹചര്യം ഇതുവഴിയുണ്ടാകും. കോഴിക്കോട് വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കുന്നതിന് രണ്ടുദിവസം മുമ്പ് മരണസർട്ടിഫിക്കറ്റ് ഉൾപ്പെടെ നാല് രേഖകൾ ഹാജരാക്കണമെന്ന് കരിപ്പൂരിലെ ഹെൽത്ത് ഇൻസ്പെക്ടർ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
സാധാരണ മൃതദേഹം കൊണ്ടുപോകാനുള്ള വിമാന ടിക്കറ്റ് ഹാജരാക്കിയാലേ യു.എ.ഇ പോലുള്ള രാജ്യങ്ങളിൽ എംബാം സർട്ടിഫിക്കറ്റുകൾ ലഭിക്കൂ. അതിനാൽ 48 മണിക്കൂർ മുമ്പ് നാട്ടിലെ വിമാനത്താവളത്തിൽ അവ ഹാജരാക്കാൻ സാധ്യമല്ല. പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടി മൃതദേഹങ്ങൾ ഏറ്റെടുക്കാൻ കാർഗോ കമ്പനികൾ വിസമ്മതിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
എം.പി കേന്ദ്രത്തെ സമീപിച്ചു
ന്യൂഡൽഹി: മൃതദേഹം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗം ഒാഫിസർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി കേന്ദ്രമന്ത്രി ജെ.പി. നദ്ദയെ കണ്ടു. ഉത്തരവ് പുനഃപരിശോധിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി എം.പി അറിയിച്ചു. പൊതുതാൽപര്യത്തിന് നിരക്കുന്നതല്ല വിമാനത്താവള ഹെൽത്ത് ഒാഫിസറുടെ നിർദേശമെന്ന്് എം.കെ. രാഘവൻ മന്ത്രിയെ ധരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.