യു.പിയിലെ ഗോശാലയിൽ പശുക്കൾ പട്ടിണികിടന്ന് ചത്തു
text_fieldsഉത്തർപ്രദേശിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഗോശാലയിൽ പശുക്കൾ പട്ടിണികിടന്ന് ചത്തതായി ആരോപണം. കാസ്ഗഞ്ച് ജില്ലയിലെ ഗോശാലക്ക് പുറത്താണ് പത്തോളം പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. അധികൃതരുടെ അശ്രദ്ധ കാരണമാണ് പശുക്കൾ കൂട്ടത്തോടെ ചത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
ഗോശാലയിൽ പാർപ്പിച്ച പശുക്കൾക്ക് ദിവസങ്ങളായി തീറ്റ ലഭിച്ചില്ലെന്നും രോഗബാധിതരായ മൃഗങ്ങൾക്ക് യഥാസമയം ചികിത്സ ലഭിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. പശുക്കൾ പട്ടിണി കിടന്നും ശരിയായ ചികിത്സ ലഭിക്കാത്തതിനാലുമാണ് ചത്തതെന്നും നാട്ടുകാരൻ ആരോപിച്ചു. പശുക്കളുടെ ദയനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് ഗ്രാമവാസികൾ പശുക്കളുടെ ജഡങ്ങളുടെയും അസ്ഥികൂടങ്ങളുടെയും വിഡിയോകൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ഗോശാലക്ക് സമീപത്തെ വയലിൽ പശുക്കളുടെ ജഡങ്ങൾ പതിവായി ഉപേക്ഷിക്കുന്നത് പ്രദേശത്ത് ദുർഗന്ധം വമിക്കുന്നതിന് കാരണമാകുന്നുവെന്നും ആരോപണമുണ്ട്. സംഭവം വിവാദമായതിന് പിന്നാലെ, ഒരു സംഘം ഉദ്യോഗസ്ഥരെത്തി മൃതദേഹങ്ങളും അസ്ഥികൂടങ്ങളും നീക്കം ചെയ്തു.
അതേസമയം, ആരോപണം തള്ളി ജില്ലാ മൃഗസംരക്ഷണ ഓഫീസർ മനോജ് കുമാർ അഗർവാൾ രംഗത്തെത്തി. രോഗം ബാധിച്ച് ഒരു പശു മാത്രമാണ് ചത്തെതന്നും ചൊവ്വാഴ്ച വാക്സിനേഷന് ശേഷം ചില പശുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതായും അദ്ദേഹം പറഞ്ഞു. പശുക്കൾക്ക് ഉടൻതന്നെ ആവശ്യമായ ചികിത്സ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഗോശാല മാനേജ്‌മെന്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് ഹർഷിത മാത്തൂർ പറഞ്ഞു. ഗോശാലയിലെ പശുക്കളുടെ രേഖകൾ, മരിച്ചവയുടെ എണ്ണം, കാലിത്തീറ്റയുടെ ലഭ്യത, മറ്റ് സൗകര്യങ്ങൾ എന്നിവ പരിശോധിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.