ബിഹാറിലെ മാധ്യമപ്രവർത്തകന്‍റെ കൊലപാതകം; മരിച്ചെന്ന് സി.ബി.ഐ പ്രഖ്യാപിച്ച സാക്ഷി കോടതിയിൽ ഹാജരായി
text_fieldsപട്ന: ബിഹാറിൽ മാധ്യമപ്രവർത്തകന്‍റെ കൊലപാതകത്തിൽ മരിച്ചെന്ന് സി.ബി.ഐ അവകാശപ്പെട്ട പ്രധാന സാക്ഷി മുസാഫർപൂർ കോടതിയിൽ ഹാജരായി. സാക്ഷി മരിച്ചെന്ന് കാണിച്ച് വ്യാജ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് കോടതി സി.ബി.ഐയോട് വിശദീകരണം തേടി. ജൂൺ 20ന് അടുത്ത വാദം കേൾക്കുമ്പോൾ വിഷയത്തിൽ മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു.
ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാനിൽ ജോലി ചെയ്തിരുന്ന രാജ്‌ദിയോ രഞ്ജനെ സിവാനിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ 2016ൽ അഞ്ചംഗസംഘം വെടിവെച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിന്‍റെ സാക്ഷിയായ ബദാമി ദേവിയെ വിസ്തരിക്കണമെന്ന സി.ബി.ഐയുടെ ആവശ്യത്തിൽ കോടതി സമൻസ് അയച്ചിരുന്നു. എന്നാൽ മെയ് 24ന് സാക്ഷി മരിച്ചതായി സി.ബി.ഐ പ്രഖ്യാപിക്കുകയും ഇത് സ്ഥാപിക്കുന്നതിനായി വ്യാജ മരണ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
വിവരമറിഞ്ഞ ബദാമി ദേവി രേഖകളും സത്യവാങ്മൂലവുമായി വെള്ളിയാഴ്ച കോടതിയിൽ ഹാജരായി. താൻ സിവാനിലെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. കേസിൽ തന്നെ സാക്ഷിയാക്കിയെങ്കിലും ഒരു ഉദ്യോഗസ്ഥനും മൊഴി ശേഖരിക്കാൻ വന്നിട്ടില്ല. താൻ മരിച്ചതായി സി.ബി.ഐ പ്രഖ്യാപിച്ച വിവരം പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അവർ സത്യവാങ്മൂലത്തിൽ പറഞ്ഞു. സി.ബി.ഐയുടെ ഈ നടപടയിൽ ദുരൂഹതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
2016 മെയ് 17 നാണ് മാധ്യമപ്രവർത്തകൻ രാജ്‌ദിയോ രഞ്ജൻ കൊല്ലപ്പെട്ടത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുന്നതിന് 2016 സെപ്റ്റംബർ 15നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.