യുപിയിലെ രാമ മെഡിക്കൽ കോളജ് കാന്റീനിൽ വിളമ്പിയ കറിയിൽ ചത്ത എലി; വിഡിയോ പങ്കുവെച്ച് മാധ്യമ പ്രവർത്തകൻ
text_fieldsഉത്തർ പ്രദേശിലെ ഹാപൂരിലുള്ള രാമ മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കും സ്റ്റാഫിനുമായി വിളമ്പിയ വെജിറ്റബിൾ കറിയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. മാധ്യമ പ്രവർത്തകനായ യൂസുഫ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കർശന നടപടി സ്വീകരിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ട് യൂസുഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
മെഡിക്കൽ കോളജിലെ കാന്റീനാണ് ദൃശ്യങ്ങളിലുള്ളത്. വെജിറ്റബിൾ കറിയിൽ നിന്ന് ലഭിച്ച ചത്ത എലിയെ പുറത്തെടുത്ത് വെച്ചതായും കാണാം. കറിയിൽ പച്ചക്കറികൾ ഒന്നും കാണാനില്ലെന്നും പകരം എലിയെയാണ് പാചകം ചെയ്തിരിക്കുന്നതെന്നും ട്വീറ്റിൽ പറയുന്നു.
‘‘ഹാപൂരിലെ രാമ മെഡിക്കൽ കോളേജിലെ അടുക്കളയിലെ ദൃശ്യങ്ങളാണ് ഈ വൈറൽ വീഡിയോയിലുള്ളത്, കറിയിൽ എലിയെ മാത്രമേ പാചകം ചെയ്തിട്ടുള്ളൂ എന്നും പറയപ്പെടുന്നു. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സർക്കാർ അന്വേഷണം നടത്തി നടപടിയെടുക്കണം’’. - മാധ്യമ പ്രവർത്തകൻ യൂസുഫ് ട്വീറ്റ് ചെയ്തു.
ഭക്ഷണത്തിൽ എലിയെ കണ്ടെത്തിയ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടും, ഇതുവരെ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ഒരു പ്രതികരണവുമുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ പോലീസ് നടപടികളൊന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.