വഴിമുട്ടി പാർലമെന്റ്; ഒരു വാരം പാഴായി
text_fieldsന്യൂഡൽഹി: സഭാ നടപടികളിലേക്ക് കടക്കാനാകാതെ വ്യാഴാഴ്ചയും പാർലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞതോടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യവാരം ഒരു നിയമനിർമാണം പോലും നടക്കാതെ പാഴായി.അംഗങ്ങളുടെ സ്വകാര്യ ബില്ലുകൾക്കും പ്രമേയങ്ങൾക്കുമുള്ള ദിവസമായ വെള്ളിയാഴ്ച സർക്കാർ ബില്ലുകളൊന്നും വെക്കാത്തതിനാൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിന്റെ ആദ്യവാരം പൂർണമായും പാഴായി.
അദാനിക്കെതിരായ സംയുക്ത പ്രതിപക്ഷ പ്രതിഷേധത്തിൽനിന്ന് വിട്ടുനിൽക്കുന്ന തൃണമൂൽ കോൺഗ്രസ് വ്യാഴാഴ്ച അധ്യക്ഷന്മാർ ചെയറിലെത്തും മുമ്പെ ലോക്സഭയുടെയും രാജ്യസഭയുടെയും നടുത്തളത്തിൽ സ്വന്തം സമരവുമായി നിലയുറപ്പിച്ചിരുന്നു. ഇതിനിടയിലേക്കാണ് അദാനിക്കെതിരെ പ്രതിപക്ഷവും രാഹുൽ ഗാന്ധിക്കെതിരെ ഭരണപക്ഷവും ഒരു പോലെ പ്രതിഷേധവുമായി വന്നത്.
രാജ്യസഭയിൽ കറുത്ത തുണികൊണ്ട് വായമൂടി വന്ന തൃണമൂൽ എം.പിമാരെ പേരെടുത്ത് ശാസിക്കുമെന്ന് പറഞ്ഞ് ചെയർമാൻ ജഗ്ദീപ് ധൻഖർ മുന്നറിയിപ്പ് നൽകിയെങ്കിലും അവർ വഴങ്ങിയില്ല. അദാനിക്കെതിരായ പ്രതിഷേധവുമായി സംയുക്ത പ്രതിപക്ഷവും നടുത്തളത്തിലെത്തിയതോടെ പതിവ് പോലെ ഉച്ചക്ക് രണ്ട് മണിവരെ സഭ നിർത്തിവെച്ചു.
രാവിലെ 11 മണിക്ക് ലോക്സഭ ചേർന്നപ്പോൾ തന്നെ തൃണമൂൽ കോൺഗ്രസ് എം.പിമാർ സഭയുടെ നടുത്തളത്തിലായിരുന്നു. ഇത് കൂടാതെ അദാനിക്കെതിരെ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാരും മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലേക്കിറങ്ങി. മറുഭാഗത്ത് കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, കിരോഡിലാൽ മീണ എന്നിവരുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി മാപ്പു പറയണമെന്നാവശ്യവുമായി ബി.ജെ.പി എം.പിമാരും എഴുന്നേറ്റു.
ഭരണപക്ഷവും പ്രതിപക്ഷവും ഇരിക്കണമെന്നാണ് താൻ പറയുന്നതെന്ന് ഓം ബിർല പറഞ്ഞു. തങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകുന്നില്ലെന്ന് സ്പീക്കറോട് പ്രതിപക്ഷ എം.പിമാർ പരാതിപ്പെട്ടപ്പോൾ സഭ ക്രമത്തിലാകാതെ ആർക്കും സംസാരിക്കാനാവില്ലെന്ന് സ്പീക്കർ മറുപടി നൽകി. ഉച്ചക്ക് ശേഷം രാജ്യസഭയിൽ ഉപാധ്യക്ഷൻ ഹരിവൻഷ് നാരായണനും ലോക്സഭയിൽ ഓം ബിർലക്ക് പകരം ചെയറിൽ വന്ന കിരിഠ് പ്രേംജി ഭായ് സോളങ്കിയും സഭ വെള്ളിയാഴ്ച രാവിലെ 11 മണിവരെ പിരിയുകയാണെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.